ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാം

ഡിസംബര്‍ 27, 2006

ഫോട്ടോഷോപ്പ് ലേയറുകള്‍: ഒരാമുഖം.

Filed under: Blogroll — ::സിയ↔Ziya @ 11:45 am

പ്രിയരേ,
(ഷിജു, വക്കാരി തുടങ്ങിയവരുടെ ഉപദേശമനുസരിച്ച് ഫോട്ടോഷോപ്പിലെ ലേയറുകളെക്കുറിച്ചൊരു ആമുഖം ഇവിടെ പോസ്റ്റു ചെയ്യുകയാണ്. പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുന്നതിന് എനിക്കൊരു ക്രമമായ പാറ്റേണ്‍ ഉണ്ടായിരുന്നെങ്കിലും വായനക്കാരുടെ ആ‍വശ്യങ്ങള്‍ക്ക് മുന്‍ഗണന ന്‍ല്‍കുന്നതിനാല്‍ തല്‍ക്കാലം ഒരു ചെറിയ മാറ്റം വരുത്തുന്നു. പക്ഷേ കോഴ്സിന്റെ ഘടനയെ ബാധിക്കുന്നതാകയാല്‍ എപ്പോഴും ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല.)

ഫോട്ടോഷോപ്പ് ലേയറുകള്‍: ഒരാമുഖം.

ഫോട്ടോഷോപ്പിലെ മര്‍മ്മപ്രധാനമായ ഉപകരണമാണ് ലേയറുകള്‍. കോംപ്ലക്സ് ഇമേജുകള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന അടിസ്ഥാന ടൂള്‍. തുടക്കക്കാരെ ഒത്തിരി കുഴക്കുന്ന ജഗജില്ലി. ഒന്നു വഴങ്ങിക്കിട്ടാന്‍ ഇശ്ശി സമയമെടുത്തെന്നിരിക്കും. പരിഭ്രമിക്കേണ്ട. ലേയറുകളുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി നന്നായി പരിശീലിച്ചാല്‍ സംഗതി നിങ്ങളുടെ വിളിപ്പുറത്തു വരും. (ങാഹാ, അത്രക്കായോ!)

ലേയറുകള്‍ ആദ്യമായി അവതരിക്കപ്പെടുന്നത് ഫോട്ടോഷോപ്പ് വേര്‍ഷന്‍ 3 ല്‍ ആണ്.

എന്താണീ ലേയര്‍ എന്നൊന്നു നോക്കാം.

ഒന്നിനു മേല്‍ ഒന്നായി അടുക്കി വെക്കപ്പെടുന്ന ഇമേജ് പാളികളാണ് ലേയറുകള്‍ എന്ന് സാമാന്യമ്മയി പറയാം. ഒരുദാഹരണത്തിലൂടെ ഇതു വിശദീകരിക്കാം.

എന്റെ കയ്യില്‍ ഒരു പേപ്പര്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. ഞാന്‍ അതില്‍ ചുവപ്പ് പെയിന്റ് അടിക്കുന്നു. എന്നിട്ടു ഒരു സുതാര്യമായ ഫിലിം പേപ്പര്‍ എടുത്ത് വട്ടത്തില്‍ ഒരു “സര്‍ക്കിള്‍ “ ‍(!) വെട്ടിയെടുക്കുന്നു. അതില്‍ ഞാന്‍ മഞ്ഞ പെയിന്റ് അടിക്കുന്നു. അതു ചുവന്ന പേപ്പറിനു മീതേ വെക്കുന്നു. പിന്നീട് വേറൊരു ഫിലിം എടുത്ത് “TYPE” എന്ന അക്ഷരങ്ങള്‍ വെട്ടിയെടുത്ത് നീലച്ചായമടിച്ച് നമ്മുടെ “സര്‍ക്കിളു വട്ടത്തിനു“ മീതേ വെക്കുന്നു. ഇപ്പോള്‍ എനിക്കു ഒരു ബാക്ക്ഗ്രൌണ്ട് ലേയറും (ചുവന്ന പേപ്പര്‍) ‍രണ്ടു “സാദാ” ലേയറുകളും (മഞ്ഞ വട്ടവും നീല ടൈപ്പ് ലേയറും) കിട്ടി. type.jpgചിത്രം ശ്രദ്ധിക്കുക.

p1.jpgഈ ചിത്രത്തില്‍ ബാക് ഗ്രൊണ്ട് ലേയറിനു മീതേ LearnGrafx എന്ന ടൈപ് ലേയര്‍ കാണാം.
അപ്പോള്‍ ലേയറുകള്‍ എന്താണെന്നു കത്തിയെന്നു വിചാരിക്കുന്നു. ഇതുമാതിരി നമുക്കു ഫോട്ടോഷോപ്പില്‍ ലേയറുകള്‍ ഉണ്ടാക്കി ആ ലേയറുകളില്‍ എന്തു വികൃതിയും കാണിക്കാം. ഓരോ ലേയറിനേയും നമുക്കിഷ്ടമുള്ളതു പോലെ പരിഷ്കരിക്കാം. അതിന്മേല്‍ വരക്കാം, തുടക്കാം, മുറിക്കാം, ഡിലീറ്റാം, എങ്ങോട്ടു വേണമെങ്കിലും നീക്കിക്കൊണ്ടു പോകാം, സ്റ്റൈലുകള്‍ കൊടുക്കാം..അങ്ങനെയങ്ങനെ നിരവധിയനവധി ബമ്പര്‍ സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

ഫോട്ടോഷോപ്പ് ലേയറുകളാല്‍ സമൃദ്ധം:

ലേയറുകള്‍ നിയന്ത്രിക്കപ്പെടുന്നത് ലേയര്‍ പാലറ്റ് വഴിയാണ്. (Layers palette). ലേയര്‍ പാലറ്റ് ദൃശ്യമാകാന്‍ മെനുവില്‍ Window>Layers. അല്ലെങ്കില്‍ ‍(F7) പ്രെസ്സ് ചെയ്യുക. ഈ പാലറ്റില്‍ നിങ്ങള്‍ക്ക് ലേയറുകളും ലേയറുകളിലെ ഉള്ളടക്കം നഖച്ചിത്രങ്ങളായും(Thumbnail) കാണാം. താഴ് ഭാഗത്ത് കുറെ ഐക്കണുകള്‍( കൊച്ചു ചിത്രങ്ങള്‍) ഉണ്ട്.

ലേയറുകള്‍ ഉണ്ടാക്കുന്നത്…

layer-pallate-icons.jpgഈ ലേയര്‍ പാലറ്റ് ശ്രദ്ധിക്കുക. ഏറ്റവും താഴെ വലത്തു നിന്നു രണ്ടാമത്തേത് പുതിയ ലേയര്‍ (New) ഉണ്ടാക്കാനുള്ള ഐക്കണാണ്. ഇവിടെ ക്ലിക്ക് ചെയ്ത് പുതിയ ലേയര്‍ ഉണ്ടാക്കാം. Layer>New>Layer (Shift+Ctrl+N). ഇങ്ങനെ ലേയറുകള്‍ നിര്‍മ്മിച്ച് അതിന്മേല്‍ വരക്കുകയോ ഒക്കെ ചെയ്യാം. ഒന്നില്‍ ചെയ്യുന്നത് മറ്റൊരു ലേയറിനെ ബാധിക്കില്ല. ലേയറുകളില്‍ എന്തെങ്കിലും ചെയ്യും മുമ്പ് ആ ലേയര്‍ സെലക്റ്റ് ചെയ്യണം. അപ്പോള്‍ അത് ആക്റ്റീവ് ആകും. ആക്റ്റീവ് ആകുന്ന ലേയര്‍ നീല നിറത്തില്‍ ഹൈലൈറ്റാവും. വലത്തു നിന്നു ആദ്യത്തേത് ലേയറുകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഐക്കണാണ്. അത് എങ്ങനെയെന്നു പിന്നെപ്പറയാം.

ലേയറുകള്‍ക്ക് പേരു നല്‍കുന്നത്…

സാധാരണ ഗതിയില്‍ നിങ്ങള്‍ ലേയറുകള്‍ ഉണ്ടാക്കുമ്പോള്‍ Layer1, Layer2 എന്നിങ്ങനെയാണ് പേരുകള്‍ വരാറ്. ഇത് ഓര്‍ത്തിരിക്കാന്‍ ഇമ്മിണി പ്രയാസള്ള നാമധേയങ്ങളാണല്ലോ. ആയതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേരു നല്‍കാം. പേരു മാറ്റേണ്ട ലേയറില്‍ (Layer1 അല്ലെങ്കില്‍ ലേയറിന്റെ പേര് ) സിമ്പ്ലി ഡബിള്‍ ക്ലിക്ക് ചെയ്യുക. എന്നിട്ടു പേരു മാറ്റിക്കൊടുത്തോളൂ. ഇനി ലേയറില്‍ Right Click ചെയ്ത്‍ Layer Properties എടുത്താല്‍ പേരും മാറ്റാം ലേയര്‍ എളുപ്പം തിരിച്ചറിയാന്‍ വേണ്ടി ഒരു കളറും നല്‍കാം.

ലേയറുകള്‍ സ്ഥാനം മാറ്റാന്‍…

ലേയറുകള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതിന് വേണ്ടി ആദ്യം ലേയര്‍ സെലെക്റ്റ് ചെയ്യണം. ഇതു പലരീതിയില്‍ ചെയ്യാം. എളുപ്പം ലേയര്‍ പാലറ്റില്‍ സെലെക്റ്റ് ചെയ്യേണ്ട ലേയറില്‍ ക്ലിക്ക് ചെയ്ത് ആക്റ്റീവ് ആക്കുകയാണ്. അല്ലെങ്കില്‍ ഡോകുമെന്റിലെ ലേയര്‍ ഓബ്ജെക്റ്റില്‍ (ഇമേജില്‍) മൂവ് ടൂള്‍ എടുത്ത് Right Click ചെയ്യുമ്പോള്‍ തെളിഞ്ഞു വരുന്ന ലേയറുകളുടെ പേരില്‍ നിന്ന് വേണ്ട ലേയര്‍ തെരഞ്ഞെടുക്കാം. Option Bar ല്‍ (Window>Options) Auto Select ചെക്ക് ചെയ്താല്‍ (മൂവ് ടൂള്‍ സെലെക്റ്റ് ചെയ്തിരിക്കണം) മൂവ് ടൂള്‍ കൊണ്ട് ചുമ്മാ വേണ്ട ലേയറില്‍ ക്ലിക്ക് ചെയ്താല്‍ ആ ലേയര്‍ സെലക്റ്റ് ആകും. (മൂവ് ടൂള്‍ എടുക്കുന്നതിനു V പ്രെസ്സ് ചെയ്താല്‍ മതി. നിങ്ങള്‍ ഏതു ടൂളില്‍ നിന്നാലും ആ ടൂള്‍ മാറ്റാതെ തന്നെ മൂവ് ടൂള്‍ വരുത്തുന്നതിന് Control കീ പ്രെസ്സ് ചെയ്താല്‍ മതി.) ഇനി മൌസ് ക്ലിക്ക് ചെയ്തു കൊണ്ട് എങ്ങോട്ടു വേണമെങ്കിലും ലേയറിനെ വലിച്ചു കൊണ്ടു പോകാം..ഐലസാ…

ലേയറുകള്‍ മറ്റു ലേയറുകള്‍ക്ക് താഴെയും മീതെയുമായി എങ്ങനെ ക്രമീകരിക്കാം? ലേയര്‍ പാലറ്റില്‍ നിന്ന് ലേയര്‍ സെലെക്റ്റ് ചെയ്ത് മറ്റു ലേയറുകളുടെ താഴേക്കോ മുകളിലേക്കോ Drag (വലിച്ചിട്ടാല്‍) മതി. ഇതിന്റെ ഷോട്കട്ട് Ctrl + ] (മുകളിലേക്ക്) Ctrl + [ (താഴേക്ക്). ഏറ്റവും മുകളിലേക്ക് Shift+Ctrl+], ഏറ്റവും താഴേക്ക് Shift +Ctrl+[.

ലേയറുകള്‍ കണ്ണടക്കുമ്പോള്‍…

ഒരു ലേയറിനെ ഡോകുമെന്റില്‍ ഡിലീറ്റ് ചെയ്യാതെ അപ്രത്യക്ഷമാക്കാന്‍ ലേയര്‍ പാലറ്റില്‍ ലേയറിനു നേരേയുള്ള കണ്ണിന്റെ പടത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി. വീണ്ടും കാണാന്‍ ഒന്നൂടി ‘സൈറ്റടിക്കുക‘, കണ്ണില്‍ത്തന്നെ! നമ്മള്‍ സെലക്റ്റ് ചെയ്യുന്ന ലേയര്‍ ഒഴികെ മറ്റെല്ലാം അപ്രത്യക്ഷമാക്കാന്‍ കണ്ണില്‍ Alt Click ചെയ്താല്‍ മതി. ഒന്നുകൂടി ആള്‍ട്ടിയാല്‍ (Alt Click) എല്ലാം പഴയപടിയാകും.hide.jpg

ലേയറുകള്‍ കോപ്പി ചെയ്യുന്നത്…

ഒരു ലേയറിന്റെ ഡൂപ്ലിക്കേറ്റ് ഉണ്ടാക്കാ‍ന്‍ ലേയര്‍ സെലെക്റ്റ് ചെയ്തിട്ട് മെനുവില്‍ നിന്ന് Layer>Duplicate Layer. അല്ലെങ്കില്‍ ആ ലേയറിനെ ലേയര്‍ പാലറ്റിന്റെ താഴേയുള്ള New ഐക്കണിലേക്ക് വലിച്ചിടുക, അതുമല്ലെങ്കില്‍ കണ്‍ ട്രോളും ആള്‍ട്ടും അമര്‍ത്തിപ്പിടിച്ച് മൌസ് ക്ലിക്ക് ചെയ്ത് കൊണ്ട് മൂവ് ചെയ്യുക.

ലേയര്‍ ഡിലീറ്റ് ചെയ്യാന്‍…

സെലെക്റ്റ് ചെയ്ത ലേയറിനെ ലേയര്‍ പാലറ്റിന്റെ താഴെ ചവറ്റുകുട്ടയുടെ മാതിരിയുള്ള ഐക്കണിലേക്ക് ചുമ്മാ വലിച്ചിടുക. അല്ലെങ്കില്‍ Layer>Delete> Layer.

ലേയറിന്റെ ഒപാസിറ്റി മാറ്റാന്‍…

opacity.jpgഒപക് എന്നാല്‍ അതാര്യമായത്…ഒപാസിറ്റിയോ..അതാര്യത…(ആണോ?) അതാര്യമായത് അതിന്റെ പിന്നിലുള്ള മറ്റൊന്നിനെ മറയ്ക്കുന്നു. ലേയര്‍ 100% ഒപക് ആണെങ്കില്‍ താഴെയുള്ള ലേയറുകള്‍ പൂര്‍ണ്ണമായും മറയും. അപ്പോള്‍ ഒപാസിറ്റിയുടെ ശതമാനം മാറ്റുന്നതനുസരിച്ച് അടിയിലുള്ള ലേയര്‍ പ്രത്യക്ഷമാകാന്‍ തുടങ്ങും. 10% ഒപാസിറ്റി നിങ്ങള്‍ കൊടുത്തു എന്നിരിക്കട്ടെ, ഒരു കണ്ണാടിയിലൂടെ എന്ന പോലെ താഴെയുള്ള ലേയര്‍ കാണാം. ഒപാസിറ്റി കണ്‍ ട്രോള്‍ ഇമേജ് എഡിറ്റിംഗില്‍ ഒരുപാട് പ്രാധാന്യമുള്ള ഓരേര്‍പ്പാടാണ്. ഒരു ലേയറിന്റെ ഒപാസിറ്റി ചെയ്ഞ്ച് ചെയ്യാന്‍ ലേയര്‍ പാലറ്റിലെ Opacity എന്നിടത്ത് വേണ്ട വില (Value) ശതമാനക്കണക്കില്‍ കൊടുത്താല്‍ മതി. അല്ലെങ്കില്‍ അവിടെയുള്ള സ്ലൈഡര്‍ നിരക്കി നീക്കിയാല്‍ മതി. ഒപാസിറ്റി കുറയുംതോറും ലേയര്‍ Transparent ആയിക്കൊണ്ടിരിക്കും.

കുറെ ലോക്കുകള്‍

ലേയര്‍ പാലറ്റിന്റെ മുകളില്‍ കറെ ലോക്കുകള്‍ കാണാം. lock-trans.jpgചിത്രം ശ്രദ്ധിക്കുക. ഇടത്തു നിന്നു ആദ്യം കാണുന്നത് Lock Transparent Pixels പിന്നെ Lock Image Pixels, Lock Position, Lock All എന്നിവയും കാണാം.
Lock Transparent Pixels ന്റെ പ്രവര്‍ത്തനം നോക്കാം. പഴയ വേര്‍ഷനുകളില്‍‍ ഇത് Preserve Transparency എന്നാണുള്ളത്. ഒരു ഡോകുമെന്റിലെ ലേയര്‍ എല്ലായ്പ്പോഴും ആ ഡോകുമെന്റിന്റെ വലിപ്പം തന്നെ ഉള്ളതായിക്കൊള്ളണമെന്‍ില്ല. താഴെ തൊപ്പിക്കാരന്റെ പടം നോക്കുക. ഈ ലേയറില്‍ പടം ഉള്ള ഭാഗത്തു മാത്രമാണ് അത്രയും Pixels ഉള്ളത്‌. ഡോകുമെന്റിന്റെ ബാക്കി ഭാഗം അതേ ലേയറില്‍ത്തന്നെ ശൂന്യം അഥവാ Transparent ആണ്. Lock Transparent Pixels ക്ലിക്ക് ചെയ്താല്‍ Pixels അഥവാ പടം ഉള്ള ഭാഗത്തു മാത്രമേ എന്തെങ്കിലും വരക്കാനോ പെയിന്റടിക്കാനോ ഒക്ക് പറ്റൂ. ബാക്കി സ്ഥലത്ത് ഒന്നും ഏശില്ല.
രണ്ട് ഉദാഹരങ്ങളിലൂടെ ഇത് വ്യകതമാകും. pres-1.jpgഒന്നാമത്തെ ചിത്രത്തില്‍ തൊപ്പിക്കാരന്റെ തൊപ്പിയില്‍ കറുപ്പ് നിറം പെയിന്റ് ചെയ്യുമ്പോള്‍ ചുറ്റുഭാഗങ്ങളിലും പെയിന്റ് വീഴുന്നു. Lock Transparent Pixels ഇവിടെ ഓഫ് ആണ്. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ pres-2.jpgTransparent Pixels ഓണ്‍ ചെയ്തു വരക്കുമ്പോള്‍ തൊപ്പിക്കാരന്റെ ചിത്രത്തില്‍ മാത്രം പെയിന്റ് നിറയുന്നു. ഇത് ഏറെ ഉപയോഗമുള്ള ഒരു ഓപ്ഷനാണ്.

Lock Image Pixels എന്നാല്‍ ഇമേജില്‍ ഒരു പണിയും നടക്കില്ല. എന്നാല്‍ ലേയറിനെ എവിടേക്കും കൊണ്ടുപോകാം.

Lock Position എന്നാല്‍ ലേയറിനെ എവിടേക്കും നീക്കാനോ അനക്കാനോ കഴിയില്ല. എന്നാല്‍ ഇമേജില്‍ വ്യത്യാസങ്ങള്‍ വരുത്താം. വരക്കാം, തുടക്കാം ഇ റ്റി സി…..

Lock All ഓണ്‍ ചെയ്താല്‍ ഒണ്ണുമേ സെയ്യ മുടിയാത്…അപ്പടിയേ ലോക്കായിടുവേന്‍….

ബ്ലെന്‍ഡിംഗ് ഓപ്ഷനുകള്‍

ലേയര്‍ പാലറ്റിനു മുകളില്‍ ഇടതു വശത്ത് Normal എന്നു കാണുന്നില്ലേ. അവിടെ ക്ലിക്ക് ചെയ്താല്‍ ഒരു ഡ്രോപ് ഡൌണ്‍ മെനു അങ്ങിറങ്ങി വരും. blending-mode.jpgഒത്തിരി ബ്ലെന്‍ഡിംഗ് മോഡുകളുടെ ഒരു നീണ്ട ലിസ്റ്റ് അവിടെ കാണാം. എല്ലാം ഇപ്പോള്‍ വിശദീകരിക്കുന്നില്ല. Overlay, Soft Light, Hard Light ഇവയൊക്കെ റിയലിസ്റ്റിക് ലൈറ്റ് ഇഫക്റ്റുകള്‍ ഉണ്ടാക്കാന്‍ നല്ലതാണ്. ഈ ബ്ലെന്‍ഡിംഗ് മോഡുകളുടെ പ്രവര്‍ത്തനവും വ്യത്യാസവും മനസിലാക്കാന്‍ എളുപ്പവഴി നിങ്ങള്‍ ലേയറിന്റെ ബ്ലെന്‍ഡിംഗ് മോഡ് മാറ്റിമാറ്റി കളിക്കുകയാണ്. അഡ്വാന്‍സ് ഡ് ലേയര്‍ ടെക് നിക് പറയുന്ന സമയത്ത് ഓരോ മോഡും വിശദീകരിക്കാം.

സുഹൃത്തുക്കളേ , ഇതൊരു ആമുഖം മാത്രമാണ്. ലേയറുകള്‍ എന്തെന്ന് അറിയാന്‍ മാത്രം. അഡ്വാന്‍സ് ഡ് ലേയര്‍ ടെക് നിക്സ് പിന്നാലെ പ്രതീക്ഷിക്കാം.

Advertisements

ഡിസംബര്‍ 25, 2006

Photoshop Super Tips Series I: 120 ഫോട്ടോഷോപ്പ് ടിപ്സ്

Filed under: Blogroll — ::സിയ↔Ziya @ 2:36 pm


നിങ്ങള്‍ വര്‍ഷങ്ങളായി ഫോട്ടോഷോപ്പ് ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നാലും ശരി, ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ നിങ്ങള്‍ ഫോട്ടോഷോപ്പില്‍ കണ്ടെത്തിക്കൊണ്ടേയിരിക്കും. അതിശയകരമായ “അദൃശ്യ പ്രയോഗങ്ങള്‍“ (hidden functionality) ഫോട്ടോഷോപ്പില്‍ ധാരാളമുണ്ട്.ഫോട്ടോഷോപ്പിനെക്കുറിച്ച് “എല്ലാം അറിയാം“ എന്നു ഒരാള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്നാണു ഞാന്‍ കരുതുന്നത്. ഒരു പക്ഷേ അഡൊബിയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍മാര്‍ ഒഴികെ.
നിങ്ങള്‍ ഒരു തുടക്കക്കാരനോ എക്സ്പേര്‍ട്ടോ ആവട്ടെ, താഴെ ഞാന്‍ പരിചയപ്പെടുത്തുന്ന ഫോട്ടോഷോപ്പിലെ അദൃശ്യ പ്രയോഗങ്ങളിലൂടെ പ്രയാസകരമായ ജോലികള്‍ പോലും എളുപ്പത്തില്‍ ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാവുന്നു. ഒരുപക്ഷേ, ഫോട്ടോഷോപ്പിനെക്കുറിച്ചു നിങ്ങള്‍ ഒരിക്കലും അറിയാതിരുന്ന ഒരുപിടി അദൃശ്യ വിദ്യകള്‍ സ്വയം പഠിക്കാന്‍ ഇതുപകരിക്കട്ടെ.

ഈ ടിപ്പുകളെ പത്തായി തരം തിരിച്ചിരിക്കുന്നു.

Interface Tips [ 18 Tips ]

Tool Tips [ 11 Tips ]

Command Tips [ 21 Tips ]

Selection Tips [ 8 Tips ]

Layer Tips [ 14 Tips ]

Tips for Guides & Rulers [ 7 Tips ]

Navigation & HotKey Tips [ 7 Tips ]

Tips for Duplicating [ 10 Tips ]

Type Tips [ 10 Tips ]

ImageReady Tips [ 14 Tips

ആദ്യം ഇന്റെര്‍ഫെയ്സ് ടിപ്സ് 18 എണ്ണം ഇതാ പിടിച്ചോളൂ…ബാക്കിയുള്ളവ പിന്നാലെ.

INTERFACE TIPS

1. റ്റാ‍ബ് കീ പ്രെസ്സ് ചെയ്താല്‍ റ്റൂള്‍ബാര്‍ ഹൈഡ് ആകുമെന്നു നിങ്ങള്‍ക്കറിയാം. എന്നാല്‍ Shift+Tab പ്രെസ്സ് ചെയ്താല്‍ പാലറ്റുകള്‍ (palettes) മാത്രം hide ചെയ്യാം. toolbar മാത്രം visible ആകും.

2. പാലറ്റുകള്‍ സ്ക്രീനിന്റെ ഏറ്റവുമടുത്ത വശത്തേക്ക് Snap ചെയ്യുവാന്‍ പാലറ്റിന്റെ റ്റൈറ്റില്‍ ബാറില്‍ Shift-click ചെയ്താല്‍ മതി.

3. പാലറ്റുകള്‍ Minimize ചെയ്യാന്‍ പാലറ്റിന്റെ റ്റൈറ്റില്‍ ബാറില്‍ double-click ചെയ്താല്‍ മതി.

4. അതത് റ്റൂളുമായി ബന്ധപ്പെട്ട ഓപ്ഷന്‍ ബാര്‍ പ്രത്യക്ഷപ്പെടാന്‍ റ്റൂള്‍ബാറിലെ റ്റൂള്‍ ഐക്ക്ണില്‍ Enter അല്ലെങ്കില്‍ double-clickചെയ്താല്‍ മതി.
അല്ലെങ്കില്‍ മെനുവില്‍ Window » Show Options.

5. ഫോട്ടോഷോപ്പ് വിന്‍ഡോയിലൂടെ നാവിഗേറ്റു ചെയ്യാന്‍ ഫോട്ടോഷോപ്പ് വിന്‍ഡോയുടെ താഴെ ഇടതു വശത്തായുള്ള സൂം ഫീല്‍ഡ് ഉപയോഗിക്കുക. എത്ര സൂം ആണോ വേണ്ടത് ആ നമ്പര്‍ എന്റര്‍ ചെയ്യുക. Shift+Enter ചെയ്താല്‍ സൂം ഫീല്‍ഡ് ആക്റ്റീവ് ആയിത്തന്നെ നില്‍ക്കും, നിങ്ങള്‍ക്ക് മറ്റു സൂം ലെവലുകള്‍ നല്‍കാം.

6. ഡോകുമെന്റ് സൈസ് വിവരങ്ങള്‍ മാറ്റാന്‍ ഫോട്ടോഷോപ്പ് വിന്‍ഡോയുടെ താഴ് ഭാഗത്തെ സ്റ്റാറ്റസ് ബാറിലെ സൂം ഫീല്‍ഡിനു വലതു വശത്തുള്ള ബാറിലെ > (ആരോ) ബട്ടണില്‍ ക്ലിക്ക് ചെയ്ത് മെനുവില്‍ നിന്നു ഇഷ്ടമുള്ള ഇന്‍ഫര്‍മേഷന്‍ തെരെഞ്ഞെടുക്കാം.
ആ ബാറില്‍ വെറുതേ ക്ലിക്ക് ചെയ്താല്‍ പ്രിന്റ് സൈസ് കാണാം. Alt-clickചെയ്താല്‍ image dimensions ഉം resolution നും Ctrl-click ചെയ്താല്‍ Tile information അറിയാം.

7. Foreground കളര്‍ കൊണ്ട് ഡോകുമെന്റിനു ചുറ്റുമുള്ള gray കാന്‍ വാസ് ബോര്‍ഡറുകള്‍ ഫില്‍ ചെയ്യണമെങ്കില്‍ അവിടെ Paint Bucket tool [K] ടൂള്‍ കൊണ്ട് Shift-click ചെയ്താല്‍ മതി.
പഴയ ഗ്രേ കളര്‍ തിരികെ വേണമെങ്കില്‍ foreground കളര്‍ 25% ഗ്രേ (R192,G192,B192) Paint Bucket tool [K] ടൂള്‍ കൊണ്ട് വീണ്ടും Shift-click ചെയ്താല്‍ മതി.

8. ഏതു ഡയലോഗ് ബോക്സിലേയും കാന്‍സല്‍ ബട്ടണ്‍ റീസെറ്റ് ബട്ടണാക്കി മാറ്റാന്‍ Alt key അമര്‍ത്തിപ്പിടിച്ചാല്‍ മതി. ഇങ്ങനെ നിങ്ങള്‍ക്ക് ഡയലോഗ് ബോക്സ് കാന്‍സല്‍ ചെയ്ത് വീണ്ടും വരാതെ തന്നെ കൊടുക്കുന്ന വാല്യൂകള്‍ മാറ്റിക്കൊടുക്കാന്‍ (റീസെറ്റ് ചെയ്യാന്‍) കഴിയും. വളരെ ഉപകാരപ്രദമാണിത്.

9. Precise Cursors ഓണ്‍/ഓഫ് ചെയ്യാന്‍ Caps Lock key ഉപയോഗിക്കുക.

10. ഫുള്‍സ്ക്രീന്‍ മോഡുകളിലൂടെ മാറി മാറിപ്പോകാന്‍ “F” കീ ബട്ടണ്‍ ഉപയോഗിക്കുക. ഫുള്‍സ്ക്രീന്‍ മോഡില്‍ നിന്നു കൊണ്ടു മെനു കാണണമെങ്കില്‍ Shift+F പ്രെസ്സ് ചെയ്താല്‍ മതി.

11. ഫോട്ടോഷോപ്പിന്റെ ഗ്രേ ബാക്ഗ്രൌണ്ടില്‍ Double-click ചെയ്താല്‍ Open കമാന്റ് ദൃശ്യമാകും.[Ctrl+O] (File » Open…).

12. Ctrl+Double-click ചെയ്താല്‍ പുതിയ ഡോകുമെന്റിനുള്ള ബോക്സ് വരും. .(ctrl+N) (File » New…).

13. കളര്‍ പാലറ്റിലെ (Color palette [F6] (Window » Show Color) കളര്‍ റാമ്പില്‍ Shift-click ചെയ്താല്‍ RGB, CMYK…എന്നിങ്ങനെ സ്പെക്ട്രം മാറി മാറി വരും. അല്ലെങ്കില്‍ കളര്‍ റാമ്പില്‍ right-click ചെയ്തും ഇഷ്ടമുള്ള കളര്‍ മോഡ് തെരഞ്ഞെടുക്കാം.

14. ഒരു ഇമേജ് വിന്‍ഡോയുടെ റ്റൈറ്റില്‍ ബാറില്‍ Right-click ചെയ്ത് Canvas Size, Image Size, Duplicate തുടങ്ങിയ ഫീച്ചേഴ്സ് എളുപ്പം തെരെഞ്ഞെടുക്കാം.

15. മൌസ് പോയിന്റര്‍ ഒരു ഇമേജ് വിന്‍ഡോയുടെ റ്റൈറ്റില്‍ ബാറില്‍ ഒന്നു ‘പോസ് ‘ ചെയ്താല്‍ (നിര്‍ത്തിവെച്ചാല്‍) ആ ഇമേജിന്റെ ഫുള്‍ പാത്ത് (ലൊക്കേഷന്‍) തെളിഞ്ഞു വരും.

16. കളര്‍ സ്വാഷസ് പാലറ്റില്‍ (Window » Show Swatches) ഇഷ്ടമുള്ള കളര്‍ കൂട്ടിച്ചേര്‍ക്കാന്‍ Foreground കളര്‍ സെലെക്റ്റ് ചെയ്തിട്ട് സ്വാഷസ് പാലറ്റിന്റെ ഒഴിഞ്ഞ ഗ്രേ സ്ഥലത്ത് വെറുതേ ക്ലിക്ക് ചെയ്താല്‍ മതി. ആഡ്ഡ് ചെയ്ത കളര്‍ റിമൂവ് ചെയ്യാന്‍ സ്വാഷസ് പാലറ്റില്‍ ആ കളറില്‍ Alt+click ചെയ്താല്‍ മതി.

17. ഫോട്ടോഷോപ്പിലെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്കോ അല്ലെങ്കില്‍ മറ്റൊരു ആപ്ലിക്കേഷനിലേക്കൊ കളര്‍ വാല്യൂ കോപി പേസ്റ്റ് ചെയ്യാന്‍ കളര്‍ പിക്കറിലെ ഹെക്സാഡെസിമല്‍ കളര്‍ ഫീല്‍ഡ് ( # ) ഉപയോഗിക്കുക.

18. കര്‍വ് വിന്‍ഡോയുടെ Curves window [Ctrl+M] (Image » Adjust » Curves…) വലിപ്പം കൂട്ടുന്നതിനും കുറക്കുന്നതിനും കര്‍വ് വിന്‍ഡോയിലെ maximize / minimize button ഉപയോഗിക്കുക. ഗ്രിഡ് സൈസ് കൂട്ടുന്നതിനു കര്‍വ് വിന്‍ഡോയില്‍ Alt-click ചെയ്യുക.

ഡിസംബര്‍ 14, 2006

അധ്യായം രണ്ട്. ഡെസ്ക് ടോപ് പബ്ലിഷിംഗ്, ഗ്രാഫിക് ഡിസൈനിംഗ് കൂടുതല്‍ വസ്തുതകള്‍.

Filed under: Blogroll — ::സിയ↔Ziya @ 12:33 pm

ഡെസ്ക് ടോപ് പബ്ലിഷിംഗിനു ഇക്കാലത്തുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിവേഗതയില്‍ കൂടുതല്‍ ഫലപ്രദമായി അച്ചടി, ഇലക്ട്രോണിക് ഡോകുമെന്റുകള്‍ നിര്‍മ്മിക്കാന്‍ ഡി.റ്റി.പി നമ്മെ സഹായിക്കുന്നു.സാധാരണഗതിയില്‍ മണിക്കൂറുകള്‍ വേണ്ടിവരുന്ന ലിപിവിന്യാസം, രൂപകല്പന തുടങ്ങി മുന്‍പുകാലങ്ങളില്‍ ഏറെ പ്രയാസകരമായിരുന്ന പല പ്രവൃത്തികളും ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയറിന്റെ സഹാ‍യത്താല്‍ ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അതിവേഗം നമുക്കു ചെയ്യാം. എന്നിരുന്നാലും വളരെ നിലവാരം കുറഞ്ഞ ഡിസൈനുകള്‍ വലിയ ചെലവൊന്നുമില്ലതെ നിര്‍മ്മിക്കപ്പെടാനും ഡി.റ്റി.പി കാരണമായിട്ടുണ്ട്. അതുകൊണ്ട് ഡെസ്ക് ടോപ് പബ്ലിഷിംഗും ഗ്രാഫിക് ഡിസൈനിംഗും പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാളും രണ്ടിന്റെയും അടിസ്ഥാനപ്രമാണങ്ങളും നിയമങ്ങളും തന്ത്രങ്ങളും അറിഞ്ഞിരിക്കല്‍ തീര്‍ച്ചയായും അത്യാവശ്യവും പ്രാധാന്യമേറിയതുമാണ്.

ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും തമ്മിലുള്ള വ്യത്യാസങ്ങള്‍:

കഴിഞ്ഞ അധ്യായത്തില്‍ രണ്ടിന്റെയും നിര്‍വചനം നമ്മള്‍ കണ്ടു. ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും തമ്മിലുള്ള വ്യത്യാസവും സാമ്യവും ആ നിര്‍വ്വചനങ്ങള്‍ തന്നെയാണ്. മനസ്സിലായില്ലേ?
ചുരുക്കിപ്പറയാം. ഗ്രാഫിക് ഡിസൈനിംഗ് ഒരു സര്‍ഗ്ഗാത്മക പ്രവൃത്തിയാണ്.(Creative Process). ഒരു പ്രത്യേക
സന്ദേശം ഫലപ്രദമായി കൈമാറാന്‍ ആശയങ്ങള്‍ മെനെഞ്ഞെടുത്ത് അവയെ ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്ത് രൂപകല്‍പ്പന നടത്തുന്ന കല തന്നെയാണ് ഗ്രാഫിക് ഡിസൈനിംഗ്. കലാബോധം അത്യാവശ്യവുമാണ്. കമ്പ്യൂട്ടറും ഡി.റ്റി.പി യുമൊക്കെ വരുന്നതിനു മുമ്പേ ഗ്രാഫിക് ഡിസൈനിംഗ് നിലവിലുണ്ടായിരുന്നല്ലോ. ഇന്നു ഗ്രാഫിക് ഡിസൈനേഴ്സ് ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ ധാരാളമായി ഉപയോഗിക്കുന്നു. കാരണം വ്യക്തമാണല്ലോ, ആദ്യഖണ്ഡികയില്‍പ്പറഞ്ഞതു പോലെ ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ പണി എളുപ്പത്തിലാക്കുന്നു എന്നതു തന്നെ.

ഡെസ്ക് ടോപ് പബ്ലിഷിംഗ് കലാത്മകം എന്നതിലുപരി ഒരു യാന്ത്രിക പ്രവൃത്തി (Mechanical Process) ആണ്. ഡിസൈനര്‍മാരും ഡിസൈനര്‍മാര്‍ അല്ലാത്തവരും പരസ്യങ്ങള്‍, ഗ്രീറ്റിംഗ് കാര്‍ഡ്, ബ്രോഷര്‍, പോസ്റ്റര്‍, പുസ്തകങ്ങള്‍ തുടങ്ങിയവ
നിര്‍മ്മിക്കാന്‍, അവരുടെ ആശയങ്ങള്‍ ഇവയിലൂടെ പ്രകാശിപ്പിക്കാന്‍ ഡെസ്ക് ടോപ് പബ്ലിഷിംഗ് ഉപയോഗിക്കുന്നു. കൊമേഴ്സ്യല്‍ പ്രിന്റിംഗിനു വേണ്ട രേഖകള്‍, ഡിജിറ്റല്‍ ഫയലുകള്‍ ഇവയൊക്കെ ഡി.റ്റി.പി യിലൂടെ അനായാസം
നിര്‍മ്മിക്കാം. ഗ്രാഫിക് ഡിസൈനിംഗ് കലയില്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ ഡി.റ്റി.പി ഉത്പാദന കേന്ദ്രീകൃതമാണ്.
ഡെസ്ക്ടോപ് പബ്ലിഷേഴ്സ് എല്ലാം ഗ്രാഫിക് ഡിസൈനര്‍മാര്‍ അല്ല, എന്നാല്‍ മിക്ക ഗ്രാഫിക് ഡിസൈനര്‍മാര്‍മാരും അവരുടെ ജോലിക്കായി ഡി.റ്റി.പി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ട്.
ഗ്രാഫിക് ഡിസൈനിംഗ് ഡെസ്ക് ടോപ് പബ്ലിഷിംഗിനേക്കാള്‍ കേമമാണെന്ന് ഒരഭിപ്രായമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രണ്ടും രണ്ടു സംഗതികളാണ്.
അധ്യായം രണ്ട് തുടരും…

അടുത്ത താള്‍ »

Blog at WordPress.com.