ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാം

ജനുവരി 21, 2007

Photoshop Super Tips Series II

Filed under: Blogroll — ::സിയ↔Ziya @ 10:44 am

ഫോട്ടോഷോപ്പ് ടിപ്സ് തുടരുന്നു…

ഇനി കുറച്ചു റ്റൂള്‍സ് ടിപ്പുകള്‍ നോക്കാം.

TOOLS TIPS
1.ബ്രഷ് തുടങ്ങിയ പെയിന്റ് റ്റൂളുകള്‍ ഉപയോഗിച്ച് നേര്‍വര (Straight line) വരക്കാന്‍:- പെയിന്റ് റ്റൂള്‍ കൊണ്ട് ഇമേജില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്തിട്ട് മൌസ് മാറ്റി വര പൂര്‍ണ്ണമാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് Shift clickചെയ്യുക. ഈ രണ്ടു പോയിന്റുകളും തനിയേ ജോയിന്‍ ആയിക്കൊള്ളും.
2.റ്റൂള്‍ ബോക്സിലെ റ്റൂള്‍ ഐക്കണിലുള്ള ചെറിയ ത്രികോണത്തില്‍ ക്ലിക്ക് ചെയ്താല്‍ അതേ റ്റൂളിന്റെ മറ്റു ഓപ്ഷനുകള്‍ എടുക്കാം. ഇതു എളുപ്പം ചെയ്യാന്‍ റ്റൂള്‍ ഐക്കണില്‍ Alt+Ctrl+click ചെയ്താല്‍ മതി. ഉദാഹരണം ബ്രഷ് റ്റൂള്‍ പെന്‍സില്‍ റ്റൂള്‍ ആക്കുന്നത്.
3.ഏതു സമയത്തും മൂവ് റ്റൂള്‍ (M) എടുക്കാന്‍ Ctrl key പ്രെസ്സ് ചെയ്തു പിടിച്ചാല്‍ മതി.
4.ഹാന്‍ഡ് റ്റൂള്‍ (H) എടുക്കാന്‍ സ്പേസ് ബാര്‍ പ്രെസ്സ് ചെയ്താല്‍ മതി.
5.സൂം റ്റൂള്‍ (Z) എടുക്കാതെ തന്നെ സൂം ഇന്‍ ചെയ്യാന്‍ Ctrl+Space. സൂം ഔട്ടിന് ‍Alt+Space. ഇനി സൂം ഇന്‍ ചെയ്യുന്നതിന് Alt+Ctrl+Plus(+), സൂം ഔട്ട് ചെയ്യുന്നതിന് Alt+Ctrl+Minus(-)
എന്നീ ഷോട്കട്ടുകള്‍ ഉപയോഗിച്ചൂ നോക്കൂ…വളരെ ഉപകാരപ്രദമാണിത്.
6.ഐ ഡ്രോപ്പര്‍ റ്റൂള്‍ (I) ഉപയോഗിച്ചു കളര്‍ സെലെക്റ്റ് ചെയ്യുമ്പോള്‍ Alt കീ അമര്‍ത്തിപ്പിടിച്ചാല്‍ ബാക്ഗ്രൌണ്ട് കളര്‍ ഡിഫൈന്‍ ചെയ്യാം.
7.മെഷര്‍ റ്റൂള്‍ (Shift+Iപഴയ വേര്‍ഷനുകളില്‍ U) ഉപയോഗിച്ച് അകലമളക്കാമല്ലോ. നിങ്ങള്‍ക്ക് ഒരു പ്രൊക്റ്റാറ്റര്‍ കൊണ്ടെന്ന പോലെ കോണുകളും അളക്കാന്‍ സാധിക്കും. അതിനായി ആദ്യ. ഇന്‍ഫോ പാലറ്റ് ഓണ്‍ ചെയ്യുക.(Window>Info). എന്നിട്ട് മെഷര്‍ റ്റൂള്‍ ഉപയോഗിച്ച് ഒരു ലൈന്‍ വരക്കണം. ലൈനിന്റെ എന്‍ഡ് പോയിന്റില്‍ Alt അമര്‍ത്തിപ്പിടിച്ചു കൊണ്ട് ക്ലിക്ക് ചെയ്താല്‍ ആങ്കിള്‍ അളക്കാനുള്ള അടുത്ത ലൈന്‍ വരക്കാം. നിങ്ങള്‍ക്ക് ഈ ലൈനില്‍ മെഷര്‍ റ്റൂള്‍ കൊണ്ട് ക്ലിക്ക് ചെയ്തു കൊണ്ട് എങ്ങോട്ടു വേണമെങ്കിലും ലൈനിനെ മൂവ് ചെയ്യാം. അളവുകള്‍ അറിയാന്‍ ഇന്‍ഫോ പാലറ്റ് ശ്രദ്ധിക്കുക. നിലവിലെ മെഷര്‍മെന്റ് ലൈന്‍ ഡിലീറ്റ് ചെയ്യാന്‍ ലൈനില്‍ ക്ലിക്ക് ചെയ്ത് കാന്‍ വാസിനു പുറത്തെക്ക് വലിച്ചിട്ടാല്‍ മതി.
8.പെയിന്റ് റ്റൂളിന്റെ (ബ്രഷ് / പെന്‍സില്‍/ പാറ്റേണ്‍, ഇറേസര്‍ etc.) സൈസ് കൂട്ടുകയും കുറക്കുകയും ചെയ്യാന്‍ യഥാക്രമം ഇടത്‌ വലത് സ്ക്വയര്‍ ബ്രാക്കറ്റുകള്‍ ([…]) അമര്‍ത്തിയാല്‍ മതി. അല്ലെങ്കില്‍ പെയിന്റ് റ്റൂള്‍ കൊണ്ട് കാന്‍ വാസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Master Diameter സ്സ്ലൈഡ് ബാര്‍ മൂവ് ചെയ്യുകയോ വേണ്ട വാല്യൂ റ്റൈപ്പ് ചെയ്യുകയോ ചെയ്യാമല്ലോ.
9.ഐ ഡ്രോപ്പര്‍ റ്റൂള്‍ (I) ഉപയോഗിച്ചു സെലെക്റ്റ് ചെയ്യുന്ന കളറിന്റെ ഹെക്സാഡെസിമല്‍ വാല്യൂ ക്ലിപ് ബോര്‍ഡിലേക്ക് കോപ്പി ചെയ്ത് നിങ്ങളുടെ എച്ച്.റ്റി.എം.എല്‍ എഡിറ്ററില്‍ പേസ്റ്റ് ചെയ്യുന്നതിനായി ഇമേജിലെ വേണ്ട കളറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് copy color as HTML എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ഉദാഹരണത്തിന് ഇങ്ങനെ ഒരു കളര്‍ വാല്യൂ കിട്ടും. color=”#0062f9″ ഇത് എച്ച്.റ്റി.എം.എല്‍ എഡിറ്ററിലേക്ക് ചുമ്മാ പേസ്റ്റ് ചെയ്താല്‍ പോരേ!
അടുത്തത് കമാന്റ് ടിപ്പുകള്‍….

Advertisements

ജനുവരി 15, 2007

അധ്യായം 3. ഗ്രാഫിക് ഡിസൈന്‍, ഡി.റ്റി.പി: ഒരല്പം ചരിത്രം

Filed under: Blogroll — ::സിയ↔Ziya @ 12:59 pm

“ഗ്രാഫിക് ഡിസൈനര്‍” എന്ന പദം രൂപപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണെങ്കിലും ഗ്രാഫിക് ഡിസൈന്റെ കഥക്ക് മനുഷ്യരാശിയോളം തന്നെ പഴക്കമുണ്ട്. 14000 ബി.സിയില്‍ രചിക്കപ്പെട്ട ഫ്രാന്‍സിലെ ലാ‍സ് കോക്സ് ഗുഹകളിലെ അതിപ്രശസ്ത ചിത്രങ്ങള്‍ മുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജപ്പാനിലെ ഗിന്‍സാ നഗരത്തിലെ കണ്ണഞ്ചിപ്പിക്കുന്ന നിയോണ്‍ ഗ്രാഫിക്സ് വരെയുള്ള നീണ്ട ചരിത്രം ഗ്രാഫിക് ഡിസൈനിനുണ്ട്.

ഫൈന്‍ ആര്‍ട്ട് , ഗ്രാഫിക് ഡിസൈന്‍, പരസ്യകല എന്നിവക്കെല്ലാം ഒരേ സിദ്ധാന്തങ്ങളും അടിസ്ഥാനങ്ങളും പ്രയോഗങ്ങളും ഒരേ ഭാഷയും തന്നെയാണുള്ളത്. അവ ഉപയോഗിക്കപ്പെടുന്ന തലങ്ങളില്‍ വ്യത്യാസങ്ങളുണ്ടെന്നു മാത്രം. ചിലപ്പോഴെല്ലാം എല്ലാറ്റിന്റെയും ഗുണഭോക്താക്കള്‍ ഒരേ ആള്‍ തന്നെയാവാം. ഫൈന്‍ ആര്‍ട്ടും ഗ്രാഫിക് ഡിസൈനും ടൈപോഗ്രാഫിയുമൊക്കെ ഒന്നൊന്നിനോട് ബന്ധപ്പെട്ടാണ് വികാസം പ്രാപിച്ചത്.

14000 ബി.സിയിലെ ലാ‍സ് കോക്സ് ഗുഹാചിത്രങ്ങളും ക്രിസ്തുവിനു മുമ്പ് മൂന്ന് അല്ലെങ്കില്‍ നാലാം സഹസ്രാബ്ധത്തിലെ ലിഖിത ഭാഷകളുടെ ആവിര്‍ഭാവവും ഗ്രാഫിക് ഡിസൈന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ബി.സി.200 മുതല്‍ എ.ഡി.700 വരെയുള്ള ബുദ്ധ-ജൈന-ഹൈന്ദവ ചരിത്രം വിളിച്ചോതുന്ന ഇന്ത്യയിലെ അജന്താ-എല്ലോറ ഗുഹാചിത്രങ്ങള്‍, എ.ഡി. 600 മുതല്‍ വന്‍പ്രചാരമാര്‍ജ്ജിച്ച അക്ഷരങ്ങള്‍ കൊണ്ടു വിസ്മയം തീര്‍ക്കുന്ന ഇസ് ലാമിക് കാലിഗ്രഫി, എ.ഡി. 800 ല്‍ സെല്‍റ്റിക് പാതിരിമാര്‍ രചിച്ച ‘ബുക്ക് ഓഫ് കെത്സ് ‘ എന്ന ചിത്രാലങ്കൃതമായ ബൈബിള്‍ സുവിശേഷ പുസ്തകം എന്നിവയൊക്കെ ഗ്രാഫിക് ഡിസൈന്റെ ആദ്യകാല ഉദാഹരങ്ങളാണ്.

ജോഹന്‍ ഗുട്ടന്‍ബര്‍ഗ് എ.ഡി.1436 ല്‍ ‍ചലിക്കുന്ന അച്ചടി യന്ത്രം കണ്ടുപിടിച്ചതോടെ യൂറോപ്പിലാകമാനം ധാരാളം പുസ്തകങ്ങള്‍ അച്ചടിക്കപ്പെടാന്‍ തുടങ്ങി. ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിയന്ത്രങ്ങളില്‍ അച്ചടിക്കപ്പെട്ട ആദ്യകാല പുസ്തകങ്ങളും അക്കാലത്തെ മറ്റു അച്ചടിക്കപ്പെട്ട കൃതികളും ഇങ്കുനാബുല (Incunabula) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എ.ഡി.1400 ന്റെ അവസാന പാദങ്ങളില്‍ വെനീസുകാരനായ ആല്‍ഡസ് മനുഷ്യസ് പുസ്തകങ്ങള്‍ക്കായി പ്രത്യേകതരം ഡിസൈന്‍ ശൈലിയും ഘടനയും ആവിഷ്കരിച്ചു. “ഇറ്റാലിക് ” ടൈപ്പുകള്‍ ഇറ്റലിക്കാരനായ ആല്‍ഡസ് മനുഷ്യസിന്റെ കണ്ടുപിടുത്തമാണ്. പ്രശസ്തമായ ആല്‍ഡൈന്‍ പ്രെസ്സ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. നിരവധി ഗ്രീക്ക് ക്ലാസ്സിക്കുകള്‍ ഈ പ്രെസ്സില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യകാല ടൈപോഗ്രാഫര്‍മാര്‍ ഉപയോഗിച്ചിരുന്ന ഗോഥിക് തുടങ്ങിയ കൈകൊണ്ട് രചിക്കപ്പെടുന്ന ടൈപ് ഫേസുകള്‍ക്ക് ശേഷമുള്ള ഈ കാലഘട്ടത്തിലെ ഡിസൈനുകള്‍ ഓള്‍ഡ് സ്റ്റൈല്‍ അഥവാ ഹുമനിസ്റ്റ് എന്നു അറിയപ്പെടുന്നു. ഇന്ന് പ്രചാരത്തിലുള്ള വെസ്റ്റേണ്‍ ടൈപ് ഫേസുകള്‍ രൂപം കൊള്ളുന്നത് ഹുമനിസ്റ്റ് സ്റ്റൈലില്‍ നിന്നുമാണ്.

ഗുട്ടന്‍ബര്‍ഗിനു ശേഷം ഗ്രാഫിക് ഡിസൈന്‍ സാവധാനത്തില്‍ ക്രമാനുഗതമായി വികാസം പ്രാപിച്ചിരുന്നെങ്കിലും എടുത്തു പറയത്തക്ക പരിണാമങ്ങളൊന്നും സംഭവിച്ചില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ വില്യം മോറിസ്സിന്റെ നേതൃത്വത്തില്‍ കലയെ ഫൈന്‍ ആര്‍ട്ട്-അപ്ലൈഡ് ആര്‍ട്ട് എന്നിങ്ങനെ വേര്‍തിരിക്കുന്ന “ആര്‍ട്ട്സ് ആ‍ന്‍ഡ് ക്രാഫ്റ്റ്സ് മൂവ്മെന്റ്” എന്ന ചലനം ഉണ്ടായി. ഗ്രാഫിക് ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, ഡെക്കറേറ്റീവ് ആര്‍ട്ട്, ഫങ്ക്ഷണല്‍ ആര്‍ട്ട്, ആര്‍ക്കിടെക് ചര്‍, ഫോട്ടോഗ്രാഫി എന്നിവയെല്ലാം അപ്ലൈഡ് ആര്‍ട്ടിന്റെ ഗണത്തില്‍പ്പെട്ടു. വില്യം മോറിസ് 1891 ല്‍ സ്ഥാപിച്ച കെം സ്കോട്ട് പ്രെസ്സില്‍ നിന്നും ഗ്രാഫിക് ഡിസൈന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ നിരവധി ഗ്രാഫിക് ഉത്പന്നങ്ങള്‍ പുറത്തുവന്നു. ഗ്രാഫിക് ഡിസൈനിന് സ്വന്തമായി ഒരു അസ്തിത്വം നേടിയക്കൊടുക്കുന്നതില്‍ മോറിസ്സ് വഹിച്ച പങ്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു

പീറ്റ് മോന്‍ഡ്രിയോണ്‍ (1872-1944) എന്ന ഡച്ച് പെയിന്റര്‍ ആവിഷ്കരിച്ച ഗ്രിഡ് സമ്പ്രദായം (Grid)‍ പില്‍ക്കാലത്ത് ഗ്രാഫിക് ഡിസൈനിലും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിലും ഏറെ പ്രാധാന്യം നേടി.

ആധുനിക ഗ്രാഫിക് ഡിസൈന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഫൈന്‍ ആര്‍ട്ടിനെപ്പോലെ തന്നെയായിരുന്നു.ലണ്ടനിലെ ഭൂഗര്‍ഭ പാതകളില്‍ എഡ്വേഡ് ജോണ്‍സണ്‍ 1916 ല്‍ രൂപകല്പന ചെയ്ത പരസ്യഫലകങ്ങള്‍ ഇക്കാലത്തെ ഗ്രാഫിക് ഡിസൈനിന് മികച്ച ഉദാഹരണമാണ്. സാന്‍സ് സെരിഫ് (Sans-Serif) ടൈപ് ഫേസുകള്‍ രൂപപ്പെട്ടതും ഇക്കാലത്താണ്.

1920 ല്‍ സോവിയറ്റ് യൂണിയനില്‍ വ്ലാദിമിര്‍ റ്റാറ്റ്ലിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട കണ്‍സട്രക്റ്റിവിസം (Constructivism)എന്ന കലാസമ്പ്രദായപ്രകാരം റഷ്യയില്‍ കെട്ടിടങ്ങളും തീയേറ്ററുകളും പോസ്റ്റര്‍, ലോഗോ, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയും ഡിസൈന്‍ ചെയ്യപ്പെടാന്‍ തുടങ്ങി. യാന്‍ ഷികോള്‍ഡ് എന്ന സ്വിസ്സ് ടൈപ്പോഗ്രാഫര്‍ 1928 ല്‍ പ്രസിദ്ധീകരിച്ച “ന്യൂ ടൈപോഗ്രാഫി” എന്ന ഗ്രന്ഥത്തിലൂടെ ടൈപോഗ്രാഫിയുടെ അടിസ്ഥാന പ്രമാണങ്ങള്‍ പുനര്‍ നിര്‍വ്വചിച്ചു.

ഇന്നു നാം കാണുന്ന ഗ്രാഫിക് ഡിസൈനിന്റെ ഉപഞ്ജാതാക്കള്‍ യാന്‍ ഷികോള്‍ഡ്, ഓസ്ട്രിയക്കാരനായ ഗ്രാഫിക് ഡിസൈനര്‍ ഹെര്‍ബര്‍ട് ബേയര്‍, ഹംഗേറിയന്‍ ചിത്രകാര‍ന്‍ ലാസ് ലോ മൊഹോജ് നഗ്, റഷ്യന്‍ കലാകാരനായ ലാസര്‍ മാര്‍കോവിഷ് ലിസിസ്കി എന്നിവരാണ്. ഇവരാണ് നൂതനമായ പ്രൊഡക്ഷന്‍ ടെക് നിക്കുകളും ഉപകരണങ്ങളും ഗ്രാഫിക് ഡിസൈനിനു വേണ്ടി പ്രചാരത്തിലാക്കിയത്. ഇരുപതാം നൂറ്റാണ്ടിലുടനീളം ഇവരുടെ സമ്പ്രദായങ്ങളാണ് ലോകത്തുടനീളം ഉപയോഗിക്കപ്പെട്ടിരുന്നത്. കമ്പ്യൂട്ടറുകളുടെ രംഗപ്രവേശം പ്രൊഡക്ഷന്‍ സമ്പ്രദായങ്ങളൊന്നാകെ മാറ്റിമറിച്ചുവെങ്കിലും പരീക്ഷണ കുതുകികളായ ഡിസൈനര്‍മാര്‍ ഇന്നും പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഗ്രാഫിക് ഡിസൈനിനു വന്‍ ആവശ്യകത തന്നെയുണ്ടായി. 1937 ല്‍ ജര്‍മ്മനിയിലെ പ്രശസ്തമായ ബൌ ഹൌസ് ഡിസൈന്‍ സ്കൂള്‍ ചിക്കാഗോയില്‍ സ്കൂള്‍ തുറന്നു. ഇതു യൂറോപ്പിന്റെ ഡിസൈന്‍ ലാളിത്യം അമേരിക്കയെ പഠിപ്പിച്ചു. യൂനിവേഴ്സ്, ഫ്രൂട്ടിഗര്‍ തുടങ്ങിയ ടൈപ് ഫേസുകള്‍ ഡിസൈന്‍ ചെയ്ത; ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടൈപ് ഫേസ് ഡിസൈനര്‍മാരില്‍ ഒരാളായ അഡ്രിയാന്‍ ഫ്രൂട്ടിഗര്‍, പ്രശസ്ത അമേരിക്കന്‍ ഗ്രാഫിക് ഡിസൈനര്‍ പോള്‍ റാന്‍ഡ് തുടങ്ങിയവര്‍ ബൌ ഹൌസ് ഡിസൈന്‍ സ്കൂളില്‍ നിന്നും ഡിസൈന്‍ പ്രിന്‍സിപ്പിള്‍സ് സായത്തമാക്കുകയും ജനപ്രിയ പരസ്യങ്ങള്‍, ലോഗോ, കോര്‍പറേറ്റ് ഐഡന്റിറ്റി തുടങ്ങിയവക്കായി അവ പ്രയോഗിക്കുകയും ചെയ്തു.
ഇത് അമേരിക്കയില്‍ ഒരു ഗ്രാഫിക്സ് വിപ്ലവം തന്നെ സൃഷ്ടിച്ചു. അതോടൊപ്പം തന്നെ ലക്കും ലഗാനുമില്ലാത്ത ഡിസൈനുകളുടെ ഒരു പ്രളയവും അന്നുണ്ടായി. യാതൊരു തത്വദീക്ഷയുമില്ലാത്ത നിലവാരമില്ലാത്ത ഡിസൈനുകള്‍ കലയ്ക്കു തന്നെ വെല്ലുവിളിയായി. ഈ പ്രവണതക്ക് അറുതി കുറിക്കുന്നതിനായി ഹെര്‍മാന്‍ സാഫിന്റെ നേതൃത്തില്‍ ഹുമനിസ്റ്റ് മൂമെന്റ് അന്നുണ്ടായി. അതാണ് പോസ്റ്റുമോഡെണ്‍ ടൈപോഗ്രാഫിക്ക് ബീജാവാപം നല്‍കിയത്.

ഗ്രാഫിക് ഡിസൈനിംഗിലെ ഒരു പ്രധാന സംഭവമാണ് ഫസ്റ്റ് തിംഗ് ഫസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസാധനം. 1964 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഡിസൈന്‍ മാനിഫെസ്റ്റോക്ക് നാനൂറിലധികം ഗ്രാഫിക് ഡിസൈനര്‍മാ‍രുടെയും കലാകാരന്മാരുടെയും പിന്തുണ ഉണ്ടായിരുന്നു. ഗ്രാഫിക് ഡിസൈനിന്റെ യാഥാസ്ഥിതികമായ രൂപം സ്വീകരിക്കാനുള്ള ഒരു ആഹ്വാനമായിരുന്നു അത്. ഇത് പുതിയ ഡിസൈനര്‍മാരുടെ ഒരു തലമുറയെത്തന്നെ സ്വാധീനിച്ചു. ഫസ്റ്റ് തിംഗ് ഫസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്ന് പ്രചോദിതരായ ഒരു കൂട്ടം ഡിസൈനേഴ്സ് ആണ് പ്രശസ്തമായ എമിഗ്രെ ഡിസൈന്‍ മാഗസിന്‍ തുടങ്ങിയത്. മക്കിന്റോഷ് കമ്പ്യൂട്ടറുകള്‍ ആദ്യമായി ഉപയോഗിച്ച പ്രസിദ്ധീകരണങ്ങളിലൊന്നാണ് എമിഗ്രെ. നിരവധി ഗ്രാഫിക് ഡിസൈനര്‍മാര്‍ ഡെസ്ക് ടോപ് പബ്ലിഷിംഗിലേക്ക് തിരിയുന്നതിനും ഈ മാഗസിന്‍ പ്രേരകമായി.

ചലച്ചിത്രങ്ങളുടെ ടൈറ്റില്‍ ഗ്രാഫിക്സുകളൊരുക്കി പ്രശസ്തനായ വ്യക്തിയാണ് സോള്‍ ബാസ്. ആല്‍ഫ്രഡ് ഹിച്ച് കോക്ക്, ഓട്ടോ പ്രിമിംഗെര്‍, സ്റ്റാന്‍ലി കുബ്രിക് തുടങ്ങിയ ചലച്ചിത്ര പ്രതിഭകളോടൊപ്പം സേവനമനുഷ്ടിച്ച ഇദ്ദേഹം നൂതനമായ ആവിഷ്കാര തന്ത്രങ്ങളൊരുക്കി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളില്‍ മോഷന്‍ ഗ്രാഫിക്സില്‍ വന്‍ വിപ്ലവം തന്നെയുണ്ടായിഎന്ന വസ്തുത ശരിയാണെങ്കിലും യഥാര്‍ത്ഥത്തില്‍ മോഷന്‍ ഗ്രാഫിക്സ് 1955 മുതല്‍ തന്നെ തുടങ്ങിയിരുന്നു. ഫോട്ടോഗ്രാഫിയുടെ ആവിര്‍ഭാവത്തോടെ 1800 കളില്‍ തന്നെ മോഷന്‍ ഗ്രാഫിക്സിന്റെ ചരിത്രമാരംഭിക്കുന്നുവെന്ന് ചിലര്‍ വാദിക്കുന്നു. ദൈര്‍ഘ്യം ഭയന്ന് വിശദമായി പ്രതിപാദിക്കുന്നില്ല. ‍മറ്റൊരു സന്ദര്‍ഭത്തില്‍ വിവരിക്കാമെന്ന് ഉദ്ദേശിക്കുന്നു.

ഡെസ്ക് ടോപ് പബ്ലിഷിംഗ് യുഗം…

1984 ല്‍ ആപ്പിള്‍ മക്കിന്റോഷ് കമ്പ്യൂട്ടറിന്റെ രംഗപ്രവേശമാണ് ഡെസ്ക് ടോപ് പബ്ലിഷിംഗിന്റെ കണ്ടുപിടുത്തത്തിന് നിദാനമായത്. നേരത്തേ സൂചിപ്പിച്ച വെനീസുകാരനായ ആല്‍ഡസ് മനുഷ്യസിന്റെ നാമധേയത്തിലുള്ള ആല്‍ഡസ് കോര്‍പ്പറേഷന്‍ ആപ്പിള്‍ മക്കിന്റോഷ് കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടി 1985 ല്‍ പേജ് മേക്കര്‍ എന്ന പേജ് ലേ ഔട്ടിങ് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചതോടെ ഡി.റ്റി.പി യുടെ ചരിത്രമാരംഭിക്കുന്നു. ഇതാണ് ആദ്യത്തെ ഡെസ്ക് ടോപ് പബ്ലിഷിംഗ് ആപ്ലിക്കേഷന്‍. (പിന്നീട് അഡോബി കമ്പനി പേജ് മേക്കര്‍ ഏറ്റെടുത്തു). ഡെസ്ക് ടോപ് പബ്ലിഷിംഗ് എന്ന സംജ്ഞ ആല്‍ഡസ് കമ്പനിയുടെ സംഭാവനയാണ്. ഇതിനു മുമ്പായി അഡോബി പ്രൊഫഷണല്‍ ടൈപ് സെറ്റിംഗിനായി പോസ്റ്റ് സ്ക്രിപ്റ്റ് എന്ന പേജ് ഡിസ്ക്രിപ്ഷന്‍ ലാംഗ്വേജ് ഡെവലപ്പ് ചെയ്തിരുന്നു. 1985 ല്‍ തന്നെ ആപ്പിള്‍ ആദ്യത്തെ ലേസര്‍ജെറ്റ് പ്രിന്റര്‍ വിപണിയിലിറക്കി. ഇതില്‍ പോസ്റ്റ് സ്ക്രിപ്റ്റ് സൌകര്യമുണ്ടായിരുന്നു. 1985 എല്ലാം കൊണ്ടും ഡി.റ്റി.പി ക്ക് ഒരു നല്ല വര്‍ഷമായിരുന്നു. പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടി 1986 ല്‍ വെഞ്ചുറ സോഫ്റ്റ്വെയര്‍ കമ്പനി വെഞ്ചുറ പബ്ലിഷര്‍ എന്നൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കി. (1993 ല്‍ കോറല്‍ കമ്പനി വെഞ്ചുറ പബ്ലിഷര്‍ വിലക്കെടുത്തു). 1987 ല്‍ പേജ് മേക്കറിന്റെ വിന്‍ഡോസ് വേര്‍ഷന്‍ പുറത്തിറങ്ങിയതോടെ പേജ് മേക്കര്‍ വന്‍ പ്രചാരമാര്‍ജ്ജിച്ചു. ക്വാര്‍ക്ക് കോര്‍പ്പറേഷന്‍ ക്വാര്‍ക്ക് എക്സ്പ്രെസ്സ് എന്ന പേജ് ലേഔട്ട് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത് 1987 ലാണ്. പേജ് മേക്കറിന്റെ ബലഹീനതയെ മുതലെടുത്ത് ക്വാര്‍ക്ക് എക്സ്പ്രെസ്സ് ലോകമെമ്പാടുമുള്ള പ്രസാധകരുടെ പ്രീയപ്പെട്ട ആപ്ലിക്കേഷനായി.

ഡെസ്ക് ടോപ് പബ്ലിഷിംഗ് സംബന്ധമായ സോഫ്റ്റുവെയറുകള്‍ നിര്‍മ്മിക്കുന്ന നിരവധി കമ്പനികള്‍ പിന്നീട് ജന്മമെടുത്തുവെങ്കിലും ഡി.റ്റി.പി, ഡിജിറ്റല്‍ ഇമേജിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ കനത്ത സംഭാവനകള്‍ നല്‍കിയതും നല്‍കിക്കൊണ്ടിരിക്കുന്നതും
1982 ല്‍ ജോണ്‍ വാര്‍നോക്കും ചാ‍ള്‍സ് ഗെഷക്കും ചേര്‍ന്നു സ്ഥാപിച്ച അഡോബി എന്ന അമേരിക്കന്‍ കമ്പനിയാണ് . അവരാണ് ഡെസ്ക് ടോപ് പബ്ലിഷിംഗ് ഏറെ കാര്യക്ഷമവും ജനപ്രിയവുമാക്കിയത്. ചെറുതും വലുതുമായ ഒട്ടേറെ കമ്പനികളെ അവര്‍ ഏറ്റെടുത്തു. ഏറ്റവും ശ്രദ്ധിക്കപ്പെട്ടതു മാ‍ക്രോമീഡിയ എന്ന അവരുടെ നിതാന്ത വൈരികളെ വരുതിയിലാക്കിയതാണ്. അങ്ങനെ ഫ്ലാഷ് തുടങ്ങിയ മികച്ച ആപ്ലിക്കേഷനുകള്‍ അഡോബിയുടേതായി.

അനേകം ആപ്ലിക്കേഷനുകള്‍ ഇന്ന് അഡോബി പുറത്തിറക്കുന്നുണ്ട്. പോര്‍ട്ടബിള്‍ ഡോകുമെന്റ് ഫോര്‍മാറ്റ് (പി.ഡി.എഫ്) എന്ന പ്രചുരപ്രചാരം നേടിയ ഡോകുമെന്റുകള്‍ നിര്‍മ്മിക്കുന്നതിനും വായിക്കുന്നതുമുള്ള സോഫ്റ്റ്വെയറായ അക്രോബാറ്റ് അഡോബിയുടെ മികച്ച സോഫ്റ്റുവെയറുകളിലൊന്നാണ്. ഫോട്ടോഷോപ്പ് എന്ന ഇമേജ് എഡിറ്റര്‍ 1990 ലാണ് പുറത്തിറങ്ങിയത്. ഇല്ലസ്ട്രേറ്റര്‍ അഡോബിയുടെ വെക്റ്റര്‍ ഗ്രാ‍ഫിക്സ് ആപ്ലിക്കേഷനാ‍ണ്. ക്വാര്‍ക്കിന്റെ വെല്ലുവിളി ഏകദേശം അവസാനിപ്പിക്കുന്ന രീതിയിലാണ് 2002 ല്‍ ഇന്‍ ഡിസൈന്‍ എന്ന അതി മനോഹര ആപ്ലിക്കേഷന്‍ അവര്‍ പുറത്തിറക്കിയത്. പ്രിന്റ്, വെബ്, വീഡിയോ തുടങ്ങിയ മേഖലകളിലായി അനേകമനേകം സോഫ്റ്റുവെയറുകള്‍ അഡൊബിയുടെതായുണ്ട്.

കോറല്‍ കമ്പനിയുടെ ഡ്രോ, പെയിന്റര്‍ മുതലായ ആപ്ലിക്കേഷനുകള്‍ ജന‍പ്രീതിയാര്‍ജ്ജിച്ചവയാണ്.

ഈ കുത്തക സോഫ്റ്റ്വെയര്‍ കമ്പനികളുടെയെല്ലാം മേധാവിത്വം അവസാനിപ്പിക്കുന്നതിനായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഇന്നു സജീവമാണ്. ഏറെ ജനപ്രീതിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ഗിമ്പ് (GIMP- GNU Image Manipulation Program) ഒരുദാഹരണം. ഫോട്ടോഷോപ്പിനു ബദലായുള്ള ഇമേജ് എഡിറ്ററാണത്.

ഇന്ന് മൈക്രോസോഫ്റ്റ് ഓഫീസ്, ഓപ്പണ്‍ ഓഫീസ് തുടങ്ങിയ വേഡ് പ്രോസസ്സിംഗ് സോഫ്റ്റുവെയറുകളില്‍ ഡി.റ്റി.പി സോഫ്റ്റുവെയറുകള്‍ നല്‍കുന്ന പബ്ലിഷിംഗ് സൌകര്യങ്ങളുണ്ട്. അതിനാല്‍ത്തന്നെ ഡെസ്ക് ടോപ് പബ്ലിഷിംഗും വേഡ് പ്രോസസിംഗും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തു വരുന്നു.

(അവലംബം: എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക, വിക്കിപീഡിയ, Graphic Design for the 21st Century By Peter M Fiell, What is GraphicDesign? By Piers Schmidt, Introduction to Digital Publishing By David Bergsland )

ജനുവരി 3, 2007

പ്രത്യേക ശ്രദ്ധക്ക് …

Filed under: Blogroll — ::സിയ↔Ziya @ 6:55 am

“Right and wrong do not exist in graphic design. There is only effective and non-effective communication.” — Peter Bilak

സുഹൃത്തുക്കളേ,
ഗ്രാഫിക് ഡിസൈനിംഗിലും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിലും നിപുണരാ‍വുക എന്നത് അത്ര ലളിതമായ ഒരു കാര്യമല്ല. ഞാന്‍ ആമുഖത്തില്‍ പറഞ്ഞതു പോലെ ശരിയായ രീതിയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ദീര്‍ഘനാളത്തെ പഠനവും സാധനയും കൊണ്ടു മാത്രമേ ആഗ്രഹം സഫലമാവുകയുള്ളൂ.
ഗ്രാഫിക് ഡിസൈനിംഗ് എല്ലാവര്‍ക്കും വഴങ്ങിക്കൊള്ളണമെന്നില്ല. അത് കലയാണ്. ഇഫക്റ്റീവ് കമ്യൂനിക്കേഷന്‍ സാധ്യമാക്കുന്ന കല നല്ല കലാബോധവും അഭിരുചിയുമുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇന്നത്തെ ഗ്രാഫിക് ഡിസൈനേഴ്സ് ഒട്ടുമിക്കപേരും ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചാണ് അവരുടെ പ്രവൃത്തി ചെയ്യുന്നത്.

ഏതെങ്കിലും ഗ്രാഫിക് സോഫ്റ്റ് വെയര്‍ അറിയാം എന്നതു കൊണ്ടു മാത്രം ഒരാള്‍ ഗ്രാഫിക് ഡിസൈനര്‍ ആവുകയില്ല. ഇന്നത്തെ ഗ്രാഫിക് ഡിസൈനെര്‍ ഒരു “സകല കലാ വല്ലഭനായിരിക്കണം”. അയാള്‍ ഭാവനാസമ്പന്നനും ചിത്രം രചിക്കാന്‍ ഒട്ടൊക്കെ കഴിവുള്ളവനും ആയിരിക്കണം, വിവിധ ഡി റ്റി പി സൊഫ്റ്റുവെയറുകളില്‍ നൈപുണ്യം വേണം, ടൈപോഗ്രാഫിയിലും കോപ്പി റൈറ്റിംഗിലും സാമാന്യ ധാരണയുള്ളവനായിരിക്കണം, പ്രീ പ്രെസ്സ് എന്താണെന്നറിയണം, ഇലക്ട്രോണിക് മീഡിയകളെക്കുറിച്ചു അറിയണം… അങ്ങനെ അനേകം കാര്യങ്ങളില്‍ പ്രാവീണ്യം നേടിയിരിക്കണം.

ഇന്ന് ഡി.റ്റി.പി സോഫ്റ്റുവെയറുകള്‍ വ്യാപകമായതോടെ ഗ്രാഫിക് ഡിസൈനിംഗിന്റെ മര്‍മ്മമറിയാ‍ത്തവരും ഗ്രാഫിക് ഡിസൈനേഴ്സ് ആയി രംഗത്തുണ്ട്. ഇത് ഡിസൈനുകളുടെ നിലവാരത്തിനു ഏറെ ഇടിവു തട്ടിച്ചു എന്നത് വസ്തുതയാണ്. അതുകൊണ്ട് ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കുന്ന എല്ലാവരും (ഡിസൈനേഴ്സ് ആവട്ടെ നോണ്‍ ഡിസൈഗ്നേഴ്സ് ആവട്ടെ) ഡിസൈനിംഗിന്റെ അടിസ്ഥാനം അറിഞ്ഞിരിക്കല്‍ അത്യാവശ്യമാണ്. ഇതു ഞാന്‍ ആദ്യമേ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും ഒന്നു കൂടി പറയുന്നത് മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നതിനു വേണ്ടിയാണ്.

ഈ കോഴ്സിന്റെ ഉള്ളടക്കത്തെക്കുറിച്ചു ഏകദേശം ഒരു ധാരണ ഉണ്ടായിരിക്കണമല്ലോ. ഈ കോഴ്സില്‍ താഴെപ്പറയുന്ന പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (ഇതിനകം പോസ്റ്റു ചെയ്തിട്ടുള്ള ടിപ്സുകളും ട്രിക്സുകളും അധ്യായങ്ങളുടെ ഗണത്തില്‍ വരുന്നില്ല. ഈ രംഗത്ത് നിലവിലുള്ളവരെ ഉദ്ദേശിച്ചാണ് അങ്ങനെ ചെയ്യുന്നത്. തുടര്‍ന്നും പ്രതീക്ഷിക്കാം.).

ആദ്യ രണ്ട് അധ്യായങ്ങളില്‍ ആമുഖമാ‍യി ഗ്രാഫിക് ഡിസൈനിംഗിന്റെയും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിന്റെയും നിര്‍വ്വചനങ്ങളും അവ തമ്മിലുള്ള വ്യത്യാസങ്ങളും പറഞ്ഞു കഴിഞ്ഞു. ഇനി

ഗ്രാഫിക് ഡിസൈനിംഗിന്റെയും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിന്റെയും ചരിത്രം
ഗ്രാഫിക് ഡിസൈന്‍ ബേസിക്സ്
പ്രിന്‍സിപ്പിള്‍സ് ഓഫ് ഡിസൈന്‍
അനലൈസിസ് ഓഫ് ഡിസൈന്‍
കോണ്‍സപ്റ്റ് ഡെവലപ് മെന്റ്
ഗ്രാഫിക് സിംബോളിസം
കളര്‍ തിയറി
കളര്‍ മീനിംഗ്സ് ആന്‍ഡ് ആപ്ലിക്കേഷന്‍.
ലോഗോ ഡിസൈന്‍
കോര്‍പറേറ്റ് ഐഡന്റിറ്റി
അഡ്വര്‍റ്റൈസിംഗ് ഡിസൈന്‍
ക്രിയേറ്റിവിറ്റി
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് ബേസിക്സ്
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് പബ്ലിഷിംഗ് നിയമങ്ങള്‍
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് സോഫ്റ്റുവെയറുകള്‍
ഡെസ്ക്ട് ടോപ് പബ്ലിഷിംഗിന്റെ വിവിധ മുഖങ്ങള്‍
ഡിജിറ്റല്‍ ഇമേജ് മാനിപുലേഷന്‍
ഡിജിറ്റല്‍ ഇല്ലസ്ട്രേഷന്‍
പേജ് ലേ ഔട്ട്
റ്റൈപോഗ്രാഫി
ഡിജിറ്റല്‍ ഫയല്‍ പ്രിപറേഷന്‍
പ്രീ പ്രെസ്സ്
വെബ് ഡിസൈന്‍
മിക്സഡ് മീഡിയ
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് ബിസിനസ്സ്
ക്ലയന്റ് മാനേജ് മെന്റ്
പ്രൈസിംഗ് ആന്‍ഡ് എസ്റ്റ്മേറ്റിംഗ്
ഡി റ്റി പി ടിപ്സ്
ക്രിയേറ്റിവിറ്റി ബൂസ്റ്റിംഗ് ടിപ്സ്
ഇങ്ങനെ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായി നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. ഓരോ ഗണത്തിലും വളരെ വിശാലമായിത്തന്നെ പ്രതിപാദിക്കേണ്ട വതുതകളുണ്ട്. ഉപ ഗണങ്ങള്‍ ധാരാളമുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ അനായാസം കൈകാര്യം ചെയ്യാവുന്ന ഈ വിഷയം മലയാളത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത് മലയാള ഭാഷയോടും മലയാളി സുഹൃത്തുക്കളോടുമുള്ള സ്നേഹം കൊണ്ടും പ്രതിബദ്ധത കൊണ്ടുമാണ്. നാട്ടില്‍ എത്ര ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഇവയൊക്കെ പഠിപ്പിക്കുന്നു എന്നെനിക്ക് നിശ്ചയം പോരാ. എന്തായാലും നിങ്ങള്‍ക്കൊക്കെ താല്പര്യമുണ്ടെങ്കില്‍, അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്റെ സമയവും സൌകര്യവും പോലെ എനിക്കറിയാവുന്നതൊക്കെ പറഞ്ഞു തരാന്‍ ഞാന്‍ തയ്യാറാണ്. ഇതു നല്ല രീതിയില്‍ മുന്നോട്ടു പോകേണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു ബ്ലോഗിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പരമാവധി ഫലപ്രദമാക്കാന്‍ ശ്രമിക്കാം. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രോത്സാഹനവുമാണ് എനിക്ക് പ്രചോദനം.
സ്നേഹത്തോടെ,
സിയ.

Blog at WordPress.com.