ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാം

ജനുവരി 15, 2007

അധ്യായം 3. ഗ്രാഫിക് ഡിസൈന്‍, ഡി.റ്റി.പി: ഒരല്പം ചരിത്രം

Filed under: Blogroll — ::സിയ↔Ziya @ 12:59 pm

“ഗ്രാഫിക് ഡിസൈനര്‍” എന്ന പദം രൂപപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണെങ്കിലും ഗ്രാഫിക് ഡിസൈന്റെ കഥക്ക് മനുഷ്യരാശിയോളം തന്നെ പഴക്കമുണ്ട്. 14000 ബി.സിയില്‍ രചിക്കപ്പെട്ട ഫ്രാന്‍സിലെ ലാ‍സ് കോക്സ് ഗുഹകളിലെ അതിപ്രശസ്ത ചിത്രങ്ങള്‍ മുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജപ്പാനിലെ ഗിന്‍സാ നഗരത്തിലെ കണ്ണഞ്ചിപ്പിക്കുന്ന നിയോണ്‍ ഗ്രാഫിക്സ് വരെയുള്ള നീണ്ട ചരിത്രം ഗ്രാഫിക് ഡിസൈനിനുണ്ട്.

ഫൈന്‍ ആര്‍ട്ട് , ഗ്രാഫിക് ഡിസൈന്‍, പരസ്യകല എന്നിവക്കെല്ലാം ഒരേ സിദ്ധാന്തങ്ങളും അടിസ്ഥാനങ്ങളും പ്രയോഗങ്ങളും ഒരേ ഭാഷയും തന്നെയാണുള്ളത്. അവ ഉപയോഗിക്കപ്പെടുന്ന തലങ്ങളില്‍ വ്യത്യാസങ്ങളുണ്ടെന്നു മാത്രം. ചിലപ്പോഴെല്ലാം എല്ലാറ്റിന്റെയും ഗുണഭോക്താക്കള്‍ ഒരേ ആള്‍ തന്നെയാവാം. ഫൈന്‍ ആര്‍ട്ടും ഗ്രാഫിക് ഡിസൈനും ടൈപോഗ്രാഫിയുമൊക്കെ ഒന്നൊന്നിനോട് ബന്ധപ്പെട്ടാണ് വികാസം പ്രാപിച്ചത്.

14000 ബി.സിയിലെ ലാ‍സ് കോക്സ് ഗുഹാചിത്രങ്ങളും ക്രിസ്തുവിനു മുമ്പ് മൂന്ന് അല്ലെങ്കില്‍ നാലാം സഹസ്രാബ്ധത്തിലെ ലിഖിത ഭാഷകളുടെ ആവിര്‍ഭാവവും ഗ്രാഫിക് ഡിസൈന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ബി.സി.200 മുതല്‍ എ.ഡി.700 വരെയുള്ള ബുദ്ധ-ജൈന-ഹൈന്ദവ ചരിത്രം വിളിച്ചോതുന്ന ഇന്ത്യയിലെ അജന്താ-എല്ലോറ ഗുഹാചിത്രങ്ങള്‍, എ.ഡി. 600 മുതല്‍ വന്‍പ്രചാരമാര്‍ജ്ജിച്ച അക്ഷരങ്ങള്‍ കൊണ്ടു വിസ്മയം തീര്‍ക്കുന്ന ഇസ് ലാമിക് കാലിഗ്രഫി, എ.ഡി. 800 ല്‍ സെല്‍റ്റിക് പാതിരിമാര്‍ രചിച്ച ‘ബുക്ക് ഓഫ് കെത്സ് ‘ എന്ന ചിത്രാലങ്കൃതമായ ബൈബിള്‍ സുവിശേഷ പുസ്തകം എന്നിവയൊക്കെ ഗ്രാഫിക് ഡിസൈന്റെ ആദ്യകാല ഉദാഹരങ്ങളാണ്.

ജോഹന്‍ ഗുട്ടന്‍ബര്‍ഗ് എ.ഡി.1436 ല്‍ ‍ചലിക്കുന്ന അച്ചടി യന്ത്രം കണ്ടുപിടിച്ചതോടെ യൂറോപ്പിലാകമാനം ധാരാളം പുസ്തകങ്ങള്‍ അച്ചടിക്കപ്പെടാന്‍ തുടങ്ങി. ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിയന്ത്രങ്ങളില്‍ അച്ചടിക്കപ്പെട്ട ആദ്യകാല പുസ്തകങ്ങളും അക്കാലത്തെ മറ്റു അച്ചടിക്കപ്പെട്ട കൃതികളും ഇങ്കുനാബുല (Incunabula) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എ.ഡി.1400 ന്റെ അവസാന പാദങ്ങളില്‍ വെനീസുകാരനായ ആല്‍ഡസ് മനുഷ്യസ് പുസ്തകങ്ങള്‍ക്കായി പ്രത്യേകതരം ഡിസൈന്‍ ശൈലിയും ഘടനയും ആവിഷ്കരിച്ചു. “ഇറ്റാലിക് ” ടൈപ്പുകള്‍ ഇറ്റലിക്കാരനായ ആല്‍ഡസ് മനുഷ്യസിന്റെ കണ്ടുപിടുത്തമാണ്. പ്രശസ്തമായ ആല്‍ഡൈന്‍ പ്രെസ്സ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. നിരവധി ഗ്രീക്ക് ക്ലാസ്സിക്കുകള്‍ ഈ പ്രെസ്സില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യകാല ടൈപോഗ്രാഫര്‍മാര്‍ ഉപയോഗിച്ചിരുന്ന ഗോഥിക് തുടങ്ങിയ കൈകൊണ്ട് രചിക്കപ്പെടുന്ന ടൈപ് ഫേസുകള്‍ക്ക് ശേഷമുള്ള ഈ കാലഘട്ടത്തിലെ ഡിസൈനുകള്‍ ഓള്‍ഡ് സ്റ്റൈല്‍ അഥവാ ഹുമനിസ്റ്റ് എന്നു അറിയപ്പെടുന്നു. ഇന്ന് പ്രചാരത്തിലുള്ള വെസ്റ്റേണ്‍ ടൈപ് ഫേസുകള്‍ രൂപം കൊള്ളുന്നത് ഹുമനിസ്റ്റ് സ്റ്റൈലില്‍ നിന്നുമാണ്.

ഗുട്ടന്‍ബര്‍ഗിനു ശേഷം ഗ്രാഫിക് ഡിസൈന്‍ സാവധാനത്തില്‍ ക്രമാനുഗതമായി വികാസം പ്രാപിച്ചിരുന്നെങ്കിലും എടുത്തു പറയത്തക്ക പരിണാമങ്ങളൊന്നും സംഭവിച്ചില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ വില്യം മോറിസ്സിന്റെ നേതൃത്വത്തില്‍ കലയെ ഫൈന്‍ ആര്‍ട്ട്-അപ്ലൈഡ് ആര്‍ട്ട് എന്നിങ്ങനെ വേര്‍തിരിക്കുന്ന “ആര്‍ട്ട്സ് ആ‍ന്‍ഡ് ക്രാഫ്റ്റ്സ് മൂവ്മെന്റ്” എന്ന ചലനം ഉണ്ടായി. ഗ്രാഫിക് ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, ഡെക്കറേറ്റീവ് ആര്‍ട്ട്, ഫങ്ക്ഷണല്‍ ആര്‍ട്ട്, ആര്‍ക്കിടെക് ചര്‍, ഫോട്ടോഗ്രാഫി എന്നിവയെല്ലാം അപ്ലൈഡ് ആര്‍ട്ടിന്റെ ഗണത്തില്‍പ്പെട്ടു. വില്യം മോറിസ് 1891 ല്‍ സ്ഥാപിച്ച കെം സ്കോട്ട് പ്രെസ്സില്‍ നിന്നും ഗ്രാഫിക് ഡിസൈന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ നിരവധി ഗ്രാഫിക് ഉത്പന്നങ്ങള്‍ പുറത്തുവന്നു. ഗ്രാഫിക് ഡിസൈനിന് സ്വന്തമായി ഒരു അസ്തിത്വം നേടിയക്കൊടുക്കുന്നതില്‍ മോറിസ്സ് വഹിച്ച പങ്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു

പീറ്റ് മോന്‍ഡ്രിയോണ്‍ (1872-1944) എന്ന ഡച്ച് പെയിന്റര്‍ ആവിഷ്കരിച്ച ഗ്രിഡ് സമ്പ്രദായം (Grid)‍ പില്‍ക്കാലത്ത് ഗ്രാഫിക് ഡിസൈനിലും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിലും ഏറെ പ്രാധാന്യം നേടി.

ആധുനിക ഗ്രാഫിക് ഡിസൈന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഫൈന്‍ ആര്‍ട്ടിനെപ്പോലെ തന്നെയായിരുന്നു.ലണ്ടനിലെ ഭൂഗര്‍ഭ പാതകളില്‍ എഡ്വേഡ് ജോണ്‍സണ്‍ 1916 ല്‍ രൂപകല്പന ചെയ്ത പരസ്യഫലകങ്ങള്‍ ഇക്കാലത്തെ ഗ്രാഫിക് ഡിസൈനിന് മികച്ച ഉദാഹരണമാണ്. സാന്‍സ് സെരിഫ് (Sans-Serif) ടൈപ് ഫേസുകള്‍ രൂപപ്പെട്ടതും ഇക്കാലത്താണ്.

1920 ല്‍ സോവിയറ്റ് യൂണിയനില്‍ വ്ലാദിമിര്‍ റ്റാറ്റ്ലിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട കണ്‍സട്രക്റ്റിവിസം (Constructivism)എന്ന കലാസമ്പ്രദായപ്രകാരം റഷ്യയില്‍ കെട്ടിടങ്ങളും തീയേറ്ററുകളും പോസ്റ്റര്‍, ലോഗോ, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയും ഡിസൈന്‍ ചെയ്യപ്പെടാന്‍ തുടങ്ങി. യാന്‍ ഷികോള്‍ഡ് എന്ന സ്വിസ്സ് ടൈപ്പോഗ്രാഫര്‍ 1928 ല്‍ പ്രസിദ്ധീകരിച്ച “ന്യൂ ടൈപോഗ്രാഫി” എന്ന ഗ്രന്ഥത്തിലൂടെ ടൈപോഗ്രാഫിയുടെ അടിസ്ഥാന പ്രമാണങ്ങള്‍ പുനര്‍ നിര്‍വ്വചിച്ചു.

ഇന്നു നാം കാണുന്ന ഗ്രാഫിക് ഡിസൈനിന്റെ ഉപഞ്ജാതാക്കള്‍ യാന്‍ ഷികോള്‍ഡ്, ഓസ്ട്രിയക്കാരനായ ഗ്രാഫിക് ഡിസൈനര്‍ ഹെര്‍ബര്‍ട് ബേയര്‍, ഹംഗേറിയന്‍ ചിത്രകാര‍ന്‍ ലാസ് ലോ മൊഹോജ് നഗ്, റഷ്യന്‍ കലാകാരനായ ലാസര്‍ മാര്‍കോവിഷ് ലിസിസ്കി എന്നിവരാണ്. ഇവരാണ് നൂതനമായ പ്രൊഡക്ഷന്‍ ടെക് നിക്കുകളും ഉപകരണങ്ങളും ഗ്രാഫിക് ഡിസൈനിനു വേണ്ടി പ്രചാരത്തിലാക്കിയത്. ഇരുപതാം നൂറ്റാണ്ടിലുടനീളം ഇവരുടെ സമ്പ്രദായങ്ങളാണ് ലോകത്തുടനീളം ഉപയോഗിക്കപ്പെട്ടിരുന്നത്. കമ്പ്യൂട്ടറുകളുടെ രംഗപ്രവേശം പ്രൊഡക്ഷന്‍ സമ്പ്രദായങ്ങളൊന്നാകെ മാറ്റിമറിച്ചുവെങ്കിലും പരീക്ഷണ കുതുകികളായ ഡിസൈനര്‍മാര്‍ ഇന്നും പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഗ്രാഫിക് ഡിസൈനിനു വന്‍ ആവശ്യകത തന്നെയുണ്ടായി. 1937 ല്‍ ജര്‍മ്മനിയിലെ പ്രശസ്തമായ ബൌ ഹൌസ് ഡിസൈന്‍ സ്കൂള്‍ ചിക്കാഗോയില്‍ സ്കൂള്‍ തുറന്നു. ഇതു യൂറോപ്പിന്റെ ഡിസൈന്‍ ലാളിത്യം അമേരിക്കയെ പഠിപ്പിച്ചു. യൂനിവേഴ്സ്, ഫ്രൂട്ടിഗര്‍ തുടങ്ങിയ ടൈപ് ഫേസുകള്‍ ഡിസൈന്‍ ചെയ്ത; ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടൈപ് ഫേസ് ഡിസൈനര്‍മാരില്‍ ഒരാളായ അഡ്രിയാന്‍ ഫ്രൂട്ടിഗര്‍, പ്രശസ്ത അമേരിക്കന്‍ ഗ്രാഫിക് ഡിസൈനര്‍ പോള്‍ റാന്‍ഡ് തുടങ്ങിയവര്‍ ബൌ ഹൌസ് ഡിസൈന്‍ സ്കൂളില്‍ നിന്നും ഡിസൈന്‍ പ്രിന്‍സിപ്പിള്‍സ് സായത്തമാക്കുകയും ജനപ്രിയ പരസ്യങ്ങള്‍, ലോഗോ, കോര്‍പറേറ്റ് ഐഡന്റിറ്റി തുടങ്ങിയവക്കായി അവ പ്രയോഗിക്കുകയും ചെയ്തു.
ഇത് അമേരിക്കയില്‍ ഒരു ഗ്രാഫിക്സ് വിപ്ലവം തന്നെ സൃഷ്ടിച്ചു. അതോടൊപ്പം തന്നെ ലക്കും ലഗാനുമില്ലാത്ത ഡിസൈനുകളുടെ ഒരു പ്രളയവും അന്നുണ്ടായി. യാതൊരു തത്വദീക്ഷയുമില്ലാത്ത നിലവാരമില്ലാത്ത ഡിസൈനുകള്‍ കലയ്ക്കു തന്നെ വെല്ലുവിളിയായി. ഈ പ്രവണതക്ക് അറുതി കുറിക്കുന്നതിനായി ഹെര്‍മാന്‍ സാഫിന്റെ നേതൃത്തില്‍ ഹുമനിസ്റ്റ് മൂമെന്റ് അന്നുണ്ടായി. അതാണ് പോസ്റ്റുമോഡെണ്‍ ടൈപോഗ്രാഫിക്ക് ബീജാവാപം നല്‍കിയത്.

ഗ്രാഫിക് ഡിസൈനിംഗിലെ ഒരു പ്രധാന സംഭവമാണ് ഫസ്റ്റ് തിംഗ് ഫസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസാധനം. 1964 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഡിസൈന്‍ മാനിഫെസ്റ്റോക്ക് നാനൂറിലധികം ഗ്രാഫിക് ഡിസൈനര്‍മാ‍രുടെയും കലാകാരന്മാരുടെയും പിന്തുണ ഉണ്ടായിരുന്നു. ഗ്രാഫിക് ഡിസൈനിന്റെ യാഥാസ്ഥിതികമായ രൂപം സ്വീകരിക്കാനുള്ള ഒരു ആഹ്വാനമായിരുന്നു അത്. ഇത് പുതിയ ഡിസൈനര്‍മാരുടെ ഒരു തലമുറയെത്തന്നെ സ്വാധീനിച്ചു. ഫസ്റ്റ് തിംഗ് ഫസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്ന് പ്രചോദിതരായ ഒരു കൂട്ടം ഡിസൈനേഴ്സ് ആണ് പ്രശസ്തമായ എമിഗ്രെ ഡിസൈന്‍ മാഗസിന്‍ തുടങ്ങിയത്. മക്കിന്റോഷ് കമ്പ്യൂട്ടറുകള്‍ ആദ്യമായി ഉപയോഗിച്ച പ്രസിദ്ധീകരണങ്ങളിലൊന്നാണ് എമിഗ്രെ. നിരവധി ഗ്രാഫിക് ഡിസൈനര്‍മാര്‍ ഡെസ്ക് ടോപ് പബ്ലിഷിംഗിലേക്ക് തിരിയുന്നതിനും ഈ മാഗസിന്‍ പ്രേരകമായി.

ചലച്ചിത്രങ്ങളുടെ ടൈറ്റില്‍ ഗ്രാഫിക്സുകളൊരുക്കി പ്രശസ്തനായ വ്യക്തിയാണ് സോള്‍ ബാസ്. ആല്‍ഫ്രഡ് ഹിച്ച് കോക്ക്, ഓട്ടോ പ്രിമിംഗെര്‍, സ്റ്റാന്‍ലി കുബ്രിക് തുടങ്ങിയ ചലച്ചിത്ര പ്രതിഭകളോടൊപ്പം സേവനമനുഷ്ടിച്ച ഇദ്ദേഹം നൂതനമായ ആവിഷ്കാര തന്ത്രങ്ങളൊരുക്കി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളില്‍ മോഷന്‍ ഗ്രാഫിക്സില്‍ വന്‍ വിപ്ലവം തന്നെയുണ്ടായിഎന്ന വസ്തുത ശരിയാണെങ്കിലും യഥാര്‍ത്ഥത്തില്‍ മോഷന്‍ ഗ്രാഫിക്സ് 1955 മുതല്‍ തന്നെ തുടങ്ങിയിരുന്നു. ഫോട്ടോഗ്രാഫിയുടെ ആവിര്‍ഭാവത്തോടെ 1800 കളില്‍ തന്നെ മോഷന്‍ ഗ്രാഫിക്സിന്റെ ചരിത്രമാരംഭിക്കുന്നുവെന്ന് ചിലര്‍ വാദിക്കുന്നു. ദൈര്‍ഘ്യം ഭയന്ന് വിശദമായി പ്രതിപാദിക്കുന്നില്ല. ‍മറ്റൊരു സന്ദര്‍ഭത്തില്‍ വിവരിക്കാമെന്ന് ഉദ്ദേശിക്കുന്നു.

ഡെസ്ക് ടോപ് പബ്ലിഷിംഗ് യുഗം…

1984 ല്‍ ആപ്പിള്‍ മക്കിന്റോഷ് കമ്പ്യൂട്ടറിന്റെ രംഗപ്രവേശമാണ് ഡെസ്ക് ടോപ് പബ്ലിഷിംഗിന്റെ കണ്ടുപിടുത്തത്തിന് നിദാനമായത്. നേരത്തേ സൂചിപ്പിച്ച വെനീസുകാരനായ ആല്‍ഡസ് മനുഷ്യസിന്റെ നാമധേയത്തിലുള്ള ആല്‍ഡസ് കോര്‍പ്പറേഷന്‍ ആപ്പിള്‍ മക്കിന്റോഷ് കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടി 1985 ല്‍ പേജ് മേക്കര്‍ എന്ന പേജ് ലേ ഔട്ടിങ് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചതോടെ ഡി.റ്റി.പി യുടെ ചരിത്രമാരംഭിക്കുന്നു. ഇതാണ് ആദ്യത്തെ ഡെസ്ക് ടോപ് പബ്ലിഷിംഗ് ആപ്ലിക്കേഷന്‍. (പിന്നീട് അഡോബി കമ്പനി പേജ് മേക്കര്‍ ഏറ്റെടുത്തു). ഡെസ്ക് ടോപ് പബ്ലിഷിംഗ് എന്ന സംജ്ഞ ആല്‍ഡസ് കമ്പനിയുടെ സംഭാവനയാണ്. ഇതിനു മുമ്പായി അഡോബി പ്രൊഫഷണല്‍ ടൈപ് സെറ്റിംഗിനായി പോസ്റ്റ് സ്ക്രിപ്റ്റ് എന്ന പേജ് ഡിസ്ക്രിപ്ഷന്‍ ലാംഗ്വേജ് ഡെവലപ്പ് ചെയ്തിരുന്നു. 1985 ല്‍ തന്നെ ആപ്പിള്‍ ആദ്യത്തെ ലേസര്‍ജെറ്റ് പ്രിന്റര്‍ വിപണിയിലിറക്കി. ഇതില്‍ പോസ്റ്റ് സ്ക്രിപ്റ്റ് സൌകര്യമുണ്ടായിരുന്നു. 1985 എല്ലാം കൊണ്ടും ഡി.റ്റി.പി ക്ക് ഒരു നല്ല വര്‍ഷമായിരുന്നു. പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടി 1986 ല്‍ വെഞ്ചുറ സോഫ്റ്റ്വെയര്‍ കമ്പനി വെഞ്ചുറ പബ്ലിഷര്‍ എന്നൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കി. (1993 ല്‍ കോറല്‍ കമ്പനി വെഞ്ചുറ പബ്ലിഷര്‍ വിലക്കെടുത്തു). 1987 ല്‍ പേജ് മേക്കറിന്റെ വിന്‍ഡോസ് വേര്‍ഷന്‍ പുറത്തിറങ്ങിയതോടെ പേജ് മേക്കര്‍ വന്‍ പ്രചാരമാര്‍ജ്ജിച്ചു. ക്വാര്‍ക്ക് കോര്‍പ്പറേഷന്‍ ക്വാര്‍ക്ക് എക്സ്പ്രെസ്സ് എന്ന പേജ് ലേഔട്ട് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത് 1987 ലാണ്. പേജ് മേക്കറിന്റെ ബലഹീനതയെ മുതലെടുത്ത് ക്വാര്‍ക്ക് എക്സ്പ്രെസ്സ് ലോകമെമ്പാടുമുള്ള പ്രസാധകരുടെ പ്രീയപ്പെട്ട ആപ്ലിക്കേഷനായി.

ഡെസ്ക് ടോപ് പബ്ലിഷിംഗ് സംബന്ധമായ സോഫ്റ്റുവെയറുകള്‍ നിര്‍മ്മിക്കുന്ന നിരവധി കമ്പനികള്‍ പിന്നീട് ജന്മമെടുത്തുവെങ്കിലും ഡി.റ്റി.പി, ഡിജിറ്റല്‍ ഇമേജിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ കനത്ത സംഭാവനകള്‍ നല്‍കിയതും നല്‍കിക്കൊണ്ടിരിക്കുന്നതും
1982 ല്‍ ജോണ്‍ വാര്‍നോക്കും ചാ‍ള്‍സ് ഗെഷക്കും ചേര്‍ന്നു സ്ഥാപിച്ച അഡോബി എന്ന അമേരിക്കന്‍ കമ്പനിയാണ് . അവരാണ് ഡെസ്ക് ടോപ് പബ്ലിഷിംഗ് ഏറെ കാര്യക്ഷമവും ജനപ്രിയവുമാക്കിയത്. ചെറുതും വലുതുമായ ഒട്ടേറെ കമ്പനികളെ അവര്‍ ഏറ്റെടുത്തു. ഏറ്റവും ശ്രദ്ധിക്കപ്പെട്ടതു മാ‍ക്രോമീഡിയ എന്ന അവരുടെ നിതാന്ത വൈരികളെ വരുതിയിലാക്കിയതാണ്. അങ്ങനെ ഫ്ലാഷ് തുടങ്ങിയ മികച്ച ആപ്ലിക്കേഷനുകള്‍ അഡോബിയുടേതായി.

അനേകം ആപ്ലിക്കേഷനുകള്‍ ഇന്ന് അഡോബി പുറത്തിറക്കുന്നുണ്ട്. പോര്‍ട്ടബിള്‍ ഡോകുമെന്റ് ഫോര്‍മാറ്റ് (പി.ഡി.എഫ്) എന്ന പ്രചുരപ്രചാരം നേടിയ ഡോകുമെന്റുകള്‍ നിര്‍മ്മിക്കുന്നതിനും വായിക്കുന്നതുമുള്ള സോഫ്റ്റ്വെയറായ അക്രോബാറ്റ് അഡോബിയുടെ മികച്ച സോഫ്റ്റുവെയറുകളിലൊന്നാണ്. ഫോട്ടോഷോപ്പ് എന്ന ഇമേജ് എഡിറ്റര്‍ 1990 ലാണ് പുറത്തിറങ്ങിയത്. ഇല്ലസ്ട്രേറ്റര്‍ അഡോബിയുടെ വെക്റ്റര്‍ ഗ്രാ‍ഫിക്സ് ആപ്ലിക്കേഷനാ‍ണ്. ക്വാര്‍ക്കിന്റെ വെല്ലുവിളി ഏകദേശം അവസാനിപ്പിക്കുന്ന രീതിയിലാണ് 2002 ല്‍ ഇന്‍ ഡിസൈന്‍ എന്ന അതി മനോഹര ആപ്ലിക്കേഷന്‍ അവര്‍ പുറത്തിറക്കിയത്. പ്രിന്റ്, വെബ്, വീഡിയോ തുടങ്ങിയ മേഖലകളിലായി അനേകമനേകം സോഫ്റ്റുവെയറുകള്‍ അഡൊബിയുടെതായുണ്ട്.

കോറല്‍ കമ്പനിയുടെ ഡ്രോ, പെയിന്റര്‍ മുതലായ ആപ്ലിക്കേഷനുകള്‍ ജന‍പ്രീതിയാര്‍ജ്ജിച്ചവയാണ്.

ഈ കുത്തക സോഫ്റ്റ്വെയര്‍ കമ്പനികളുടെയെല്ലാം മേധാവിത്വം അവസാനിപ്പിക്കുന്നതിനായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഇന്നു സജീവമാണ്. ഏറെ ജനപ്രീതിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ഗിമ്പ് (GIMP- GNU Image Manipulation Program) ഒരുദാഹരണം. ഫോട്ടോഷോപ്പിനു ബദലായുള്ള ഇമേജ് എഡിറ്ററാണത്.

ഇന്ന് മൈക്രോസോഫ്റ്റ് ഓഫീസ്, ഓപ്പണ്‍ ഓഫീസ് തുടങ്ങിയ വേഡ് പ്രോസസ്സിംഗ് സോഫ്റ്റുവെയറുകളില്‍ ഡി.റ്റി.പി സോഫ്റ്റുവെയറുകള്‍ നല്‍കുന്ന പബ്ലിഷിംഗ് സൌകര്യങ്ങളുണ്ട്. അതിനാല്‍ത്തന്നെ ഡെസ്ക് ടോപ് പബ്ലിഷിംഗും വേഡ് പ്രോസസിംഗും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തു വരുന്നു.

(അവലംബം: എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക, വിക്കിപീഡിയ, Graphic Design for the 21st Century By Peter M Fiell, What is GraphicDesign? By Piers Schmidt, Introduction to Digital Publishing By David Bergsland )

Advertisements

4അഭിപ്രായങ്ങള്‍ »

 1. ചരിത്രം ബോറടിപ്പിക്കുന്നുവെങ്കില്‍ ഒന്നു സഹിച്ചേക്കുക.
  ഇനി നമുക്കു കാ‍ര്യമായീട്ടു കാര്യങ്ങളിലേക്കു കടക്കാം..എന്ത്യേ…?
  എല്ലാ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട്…
  സ്നേഹത്തോടെ സിയ.

  അഭിപ്രായം by സിയ — ജനുവരി 15, 2007 @ 2:12 pm | മറുപടി

 2. ജോഹന്‍ ഗുട്ടന്‍ബര്‍ഗ് അല്ല യോഹാന്സ് “ഗൂട്ടന്‍ബര്‍ഗ്ഗ് ” ആണു്.

  ടൈപ് ഫേസുകള്‍ക്‍ ഉള്ള മലയാള പദം അക്ഷരമുദ്ര എന്നാണു്.

  കുര്‍ആനില്‍ കാണപ്പെടുന്ന ഗ്രാഫിക്‍ ഡിസൈനുകളെ പറ്റിയും സുചിപ്പിക്കാമായിരുന്നു.

  ചിത്രരചനയിലുള്ള ഇസ്ലാമിക പരിമിധിക്കളില്‍ നിന്നുകൊണ്ടുതന്നെ അതിമനോഹരമായ “Graphic Arts” അറബിയിലും, ഫാര്സിയിലും AD700 തൊട്ടു ഉണ്ടായിരിന്നിട്ടുണ്ട്.

  എഴുത്തിനു മേന്മ കൂട്ടുന്നതെന്തും “grahic design” എന്നു അപൂര്ണമായി നിര്വചിക്കാം. കേരളത്തിലെയും തഞ്ജാവൂറിലേയും എഴുത്തിനോടൊപ്പമുള്ള ചുവര്‍ ചിത്ത്രങ്ങളും ഈ ഇനത്തില്‍ പെടുത്താം. ചൈനീസ് caligraphic art വളരെ പഴക്കമുള്ള ഉദാഹരണങ്ങളുമാണു.

  New Zealandലുള്ള (Maori) “മഓറി” ആദിമനുഷ്യരുടെ പച്ചകുത്തു് കലയും ഇതില്‍ പെടും.

  മനസില്‍ വന്ന ചില ഉദാഹരണങ്ങള്‍ എടുത്തു പറഞ്ഞു എന്നു മാത്രം.

  താങ്കളുടെ ഗ്രാഫിക്‍ ഡിസൈന്‍ എന്ന ഈ ലേഖനം വായിച്ചപ്പോള്‍ ഇതു ഒരു പാശ്ചാത്യ കലാ രുപമാണെന്നു തൊന്നിപ്പോയി.

  ദോശ പരത്തുന്ന പോലെ അല്പം കൂടി “പരത്തു”. അതും കലയാണല്ലോ.

  കേരളത്തില്‍ പുസ്തകങ്ങളുടെ cover designലാണു ആദ്യ കാല Graphic Design ഉടലെടുക്കുന്നത്. പണ്ടൊക്കെ മലയാളം വായിക്കാനറിയത്ത നാളുകളില്‍ ചില അതിമനോഹരമായ cut and paste collage കള്‍ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. പഴയ മലയാളം സിനിമ പോസ്റ്ററുകളിലും ഉണ്ട നല്ല സൃഷ്ടികള്‍. പ്രധാന കഥ പാത്രങ്ങളെ വികസിപ്പിച്ചും. “ചില രംഗങ്ങള്‍” മാത്രം കാണിച്ചുകൊണ്ടുള്ള graphic designഉകള്‍.

  സിനിമ title designലും ഉണ്ട് ഇതിന്‍റെ പ്രധാന പാഠങ്ങള്‍. 7even എന്ന ഹൊളിവുഡ്ഡ് ചിത്രത്തിന്‍റെ Title design ഉം. എല്ലാ Bond ചിത്രങ്ങളുടെ Title Designഉം ഈ കാര്യത്തില്‍ എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്.

  അഭിപ്രായം by കൈപ്പള്ളി — ജനുവരി 16, 2007 @ 3:26 am | മറുപടി

 3. നന്ദി കൈപ്പള്ളി…
  ഇതു പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ താങ്കളുടെ മൊഴിമുത്തുകള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. അക്ഷരമുദ്രക്ക് പ്രത്യേക നന്ദി. “ഇതു ഒരു പാശ്ചാത്യ കലാ രുപമാണെന്നു തൊന്നിപ്പോയി”. ആ തോന്നല്‍ എനിക്കുമുണ്ടായി. ഭാരതീയ മാതൃകകള്‍ അല്പം കൂടി പരാമര്‍ശിക്കാമായിരുന്നു, അല്ലേ? ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട് താനും. വളരെ സംക്ഷിപ്തമായിട്ടാണ് ഞാനീ ചരിത്രം കുറിച്ചിട്ടുള്ളത്. അറിവുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ കമന്റുകളായി രേഖപ്പെടുത്താന്‍ അപേക്ഷിക്കുന്നു. അതു കഴിഞ്ഞ് കുറേക്കൂടി വിവരങ്ങള്‍ ചേര്‍ത്ത് നമുക്കിത് ഒന്നു എഡിറ്റ് ചെയ്യാം…നമ്മുടെ ഭാഷയില്‍ ഒരു മുതലായി ഇതും ഇരിക്കട്ടെ.

  അഭിപ്രായം by സിയ — ജനുവരി 16, 2007 @ 11:38 am | മറുപടി

 4. Graphic Design ഭാരതത്തില്‍ വളരെ അധികം തെറ്റിധരിക്കപ്പെട്ട ഒരു കലാ രൂപമാണു. Computerല്‍ നിര്മിക്കുന്നതിനെയാണു Graphic Design എന്നു പല മാദ്യമങ്ങള്‍ വരെ കരുതിയിരിക്കുന്നതു. അതിന്റെ പേരായ്മകളാണല്ലോ നാം പല ചാനലുകളിലും അനുഭവിച്ചുകോണ്ടിരിക്കുന്നതു.

  Graphic Design താങ്കള്‍ പറഞ്ഞ പോലെ Applied Design ആണു. അതു ഒരു കലാരുപമായി മാത്രം നിലകൊള്ളാതെ. കലയെ മറ്റു മേഖലയില്‍ പ്രായോഗികമായി അവതരിപ്പിക്കുംബോള്‍ ആണു അതു Applied Art അകുന്നത്. അതായത് ഒരു കാളയുടെ കൊമ്പില്‍ ചായം പൂശിയില്ലെങ്കിലും കാള കാളയല്ലാതാകുന്നില്ല. പക്ഷെ കാളയ്ക്ക് ചന്ദമേറും എന്നതില്‍ സംശയമില്ല.

  കേരളീയ കലയില്‍ നിന്നും അനേകം ഉദാഹരണങ്ങള്‍ ഉണ്ട്.
  അമ്പലത്തില്‍ കിരിത്തോലകൊണ്ടു തോരണം കെടുന്നതും ഓണത്തിനു പൂക്കളമിടുന്നതും എല്ലാം കേരളത്തിന്റെ തനതായ Design elements തന്നെയാണു. കസവു മുണ്ടിന്റെ കരയുടെ വീതി മുതല്‍ കഥകളിയുടെ വേഷവും വര്ണ്ണങ്ങളും വരെ കേരളീയ Graphic Design ശാസ്ത്രത്തിന്റെ ഭാഗങ്ങളാണു്.

  അന്യ സംസ്കാരങ്ങള്‍ മനസിലാക്കുന്നതിനോടൊപ്പം നമ്മുടെ തനതായ കലാവിഷ്കാരങ്ങളുടെ അടയാളങ്ങളും മനസിലാക്കി അവയുടെ പ്രസക്തിയും പ്രത്യേകതകളും നാം പ്രകീര്ത്തിക്കേണ്ടതാണു്.

  ചിലപ്പോള്‍ കിണറ്റില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പ് കിണറൊന്നു നല്ലതുപോലെ മുങ്ങി തപ്പിനോക്കണം. ചിലപ്പോള്‍ വല്ല നിധിയും കിടപ്പുണ്ടാവും. അതും കൂടി എടുക്കാന്‍ മറക്കണ്ട. പുറത്തുള്ള വലിയ കിണറില്‍ അതു ഉപകരിക്കും.

  അഭിപ്രായം by കൈപ്പള്ളി — ജനുവരി 16, 2007 @ 4:18 pm | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Blog at WordPress.com.

%d bloggers like this: