ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാം

ഫെബ്രുവരി 21, 2007

Photoshop Super Tips Series III. കമാന്‍‌ഡ് ടിപ്‌സ്

Filed under: Blogroll — ::സിയ↔Ziya @ 5:37 am

കമാന്‍‌ഡ്  ടിപ്‌സ്

1.നാം ഒരിക്കല്‍ പ്രയോഗിച്ച  ഫില്‍റ്റര്‍ കമാണ്‍‌ഡ് ഒന്നു കൂടി അപ്ലൈ ചെയ്യാന്‍ Ctrl+F.             (Filter >Last Filter). പുതിയ സെറ്റിംഗ്‌സോടെ വീണ്ടും അപ്ലൈ ചെയ്യാന്‍ Ctrl+Alt+F.

അവസാനം പ്രയോഗിച്ച ഫില്‍റ്ററിന്റെ ഇഫക്റ്റുകള്‍ Fade ചെയ്യുന്നതിനോ അല്ലെങ്കില്‍ Blending Mode മാറ്റുന്നതിനോ  Ctrl+Shift+F.(Edit>Fade Filter Name)

2.നിങ്ങള്‍ ഒരു ഇമേജ് കോപ്പി ചെയ്തിട്ട് പുതിയൊരു ഫയല്‍ ഉണ്ടാക്കുകയാണെങ്കില്‍ കോപ്പി ചെയ്ത ഇമേജിന്റെ അളവുകള്‍ ഫോട്ടോഷോപ്പ് തനിയേ പുതിയ ഡോക്കുമെന്റിനു നല്‍കുന്നതായിരിക്കുമല്ലോ. ഇതൊഴിവാക്കി പഴയ സെറ്റിംഗ്സ് തിരിച്ചുവിളിക്കാന്‍ ആള്‍ട്ട് കീ കൂടി ഉപയൊഗിക്കുക.   Ctrl+Alt+N (പഴയ വേര്‍ഷനുകള്‍ക്ക് മാ‍ത്രം ബാധകം).
 അതേപോലെ പുതിയ ഡോകുമെന്റിനു നിലവില്‍ ഓപണ്‍ ചെയ്തിട്ടുള്ളതായ ഏതെങ്കിലും ഡോകുമെന്റിന്റെ അളവാണ് വേണ്ടതെങ്കില്‍ Ctrl+N പറയുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സിലെ  Preset എന്നിടത്തു ഏറ്റവും താഴെ നിന്നും ഓപണ്‍ ചെയ്തിട്ടുള്ളതായ ഡോക്കുമെന്റിന്റെ പേര് സെലക്റ്റ് ചെയ്താല്‍ മതി.

3.ഫോട്ടോഷോപ് കീബോഡ് ഷോട്ട്കട്ടുകള്‍ എഡിറ്റ് ചെയ്താല്‍ ജോലിയുടെ വേഗത കൂട്ടാം. Edit> Keyboard Shortcuts. ഉദാഹരണത്തിനു അണ്‍‌ഡു / റീ ഡു എന്നതിന് Ctrl+Z ആണ് ഡീഫാള്‍ട്ട്.  എന്നാല്‍ Undo എന്നതിനു Ctrl+Z ഉം Step Backward എന്നതിനു Ctrl+Z ഉം Step Forward എന്നതിനു Shift+Ctrl+Z ഉം അസൈന്‍ ചെയ്താല്‍ ഹിസ്റ്ററി സ്റ്റേറ്റുകളിലൂടെ പുറകോട്ടു പോകുന്നതിനു Ctrl+Z അടിച്ചു കൊണ്ടിരുന്നാല്‍ മതിയല്ലോ. ഡീഫാള്‍ട്ടായി 20 ഹിസ്റ്ററി സ്റ്റേറ്റുകള്‍ വരെ പുറകോട്ടു പോകാനേ പറ്റൂ. എന്നാല്‍ അത് ആയിരം വരെയായി നിജപ്പെടുത്താം. Edit>Preferences>General>History States.

4.കീബോഡ് ഷോട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടപ്രകാരം മാറ്റാവുന്നതും പുതിയവ നല്‍കാവുന്നതുമാണ്. Edit> Keyboard Shortcuts. ഇങ്ങനെ മാറ്റി അസൈന്‍ ചെയ്യുന്ന ഷോട്കട്ടുകള്‍ ഇഷ്ടമുള്ള പേരു കോടുത്ത് ഒരു ഫയലായി സേവ് ചെയ്യാം. ഇത് ഫോട്ടോഷോപ്പ് ഇന്‍സ്റ്റലേഷന്‍ ഫോള്‍ഡറിലെ ( ?:\Program Files\Adobe\Adobe Photoshop CS?\Presets\Keyboard Shortcuts) എന്ന ലൊക്കേഷനില്‍ കാണും. നിങ്ങള്‍ക്കത് കോപ്പി ചെയ്തു സൂക്ഷിക്കാം. ഏതു കമ്പ്യൂട്ടറിലും ഇതേ ലൊക്കേഷനിലേക്ക് (?:\Program Files\Adobe\Adobe Photoshop CS?\Presets\Keyboard Shortcuts) പേസ്റ്റ് ചെയ്തിട്ട് കീ ബോഡ് ഷോട്ട് കട്ടിലെ Set എന്നിടത്ത് പ്രസ്തുത ഫയല്‍ നെയിം സെലക്റ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് എവിടെയും നിങ്ങളുടെ സ്വന്തം ഷോട്കട്ട്സ് ഉപയോഗിക്കാം. (ഇത് CS വേര്‍ഷനുകളുടെ വിന്‍ഡോസ് സെറ്റിംഗ്സ് ആണ്)

5.ഫോര്‍ഗ്രൌണ്ട് കളര്‍ ഫില്‍ ചെയ്യുന്നതിനു Alt+Delete (അല്ലെങ്കില്‍ Backspace) (Edit>Fill>. ബാക്ക്ഗ്രൌണ്ട് കളര്‍ ഫില്‍ ചെയ്യുന്നതിന് Ctrl+Delete (അല്ലെങ്കില്‍ Backspace). Shift+Backspace ഉപയോഗിച്ചാല്‍ ഫില്‍ ഡയലോഗ് ബോക്സ് വരും. ഇനിയൊരു വിശേഷപ്പെട്ട സംഗതി പറയാം. മേല്‍പ്പറഞ്ഞ ഷോട്ട്കട്ടുകള്‍ ഉപയൊഗിച്ച് ഫില്‍ ചെയ്യുമ്പോള്‍ ഡോകുമെന്റിലൊന്നാകെ അല്ലെങ്കില്‍ സെലക്റ്റ് ചെയ്ത ഭാഗത്ത് മാത്രം കളര്‍ നിറയും. എന്നാല്‍ ഒരു ഡോകുമെന്റില്‍ ലേയറിലെ പിക്സല്‍ ഉള്ള സ്ഥലത്തു മാ‍ത്രം സെലക്റ്റ് ചെയ്യാതെ തന്നെ കളര്‍ നിറയാന്‍ Shit+Alt+Delete (ഫോര്‍ഗ്രൌണ്ട് കളറിന്) Shift+Ctrl+Delete (ബാക്ക്ഗ്രൌണ്ട് കളറിനു). മുമ്പ് ലേയറിന്റെ പാഠത്തില്‍ പറഞ്ഞ  Lock Transparent Pixels ഓര്‍ക്കുക.

6.Transform നമുക്കറിയാം. Ctrl+T  ആണ് ഷോട്ട്കട്ട്. (Edit>Transform> Free Transform). ലേയറിന്റെ ഒരു ഡ്യൂപ്ലിക്കേറ്റെടുത്ത് Transform പ്രയോഗിക്കുവാന്‍ Alt+Ctrl+T.  അവസാന Transformation ആവര്‍ത്തിക്കുവാന്‍ Shift+Ctrl+T. ലേയര്‍ ഡ്യൂപ്ലിക്കേറ്റുകള്‍ ഉണ്ടാക്കി Transformation ആവര്‍ത്തിക്കുവാന്‍ Shift+Ctrl+Alt+T. പ്രയോഗിച്ചു നോക്കൂ…രസകരമാണ്. ഒരു ഹിന്റ് തരാം. ഒരു ഡോക്കുമെന്റില്‍ പുതിയൊരു ലേയര്‍ ഉണ്ടാക്കുക. (Shift+Ctrl+N). എന്നിട്ട് റെക്റ്റാംഗുലര്‍ മാര്‍ക്യൂ റ്റൂള്‍ എടുത്ത് നന്നേ കുറഞ്ഞ വീതിയില്‍ ഇത്തിരി നീളത്തില്‍ ഒരു സെലക്ഷന്‍ ഉണ്ടാക്കുക. ഫോര്‍ഗ്രൌണ്ട് കളര്‍ സെലക്റ്റ് ചെയ്ത്  Alt+Delete (Backspace) പറയുക. സെലക്ഷന്‍ വിടാതെ തന്നെ Alt+Ctrl+T പറയുക. ഒരു പന്ത്രണ്ട് ഡിഗ്രി ആങ്കിളില്‍ (ഏകദേശം) വലത്തോട്ട് ചരിക്കുക.ഓപ്‌ഷന്‍ ബാറിലെ ശരിയില്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ രണ്ടു തവണ എന്റര്‍ പ്രെസ്സ് ചെയ്യുക. സെലക്ഷന്‍ വിടരുത്. ഇനി  Shift+Ctrl+Alt+T മൂന്നു നാലു തവണ പറയുക. എന്തു സംഭവിച്ചു? സെലക്ഷന്‍ വിടാതെയിരുന്നാല്‍ ഈ കറക്കമെല്ലാം ഒറ്റ ലേയറില്‍ കിട്ടും. സെലെക്ഷന്‍ ഒഴിവാക്കിയിട്ടാണ് ചെയ്യുന്നതെങ്കില്‍ ഒത്തിരി ലേയറുകള്‍ ഉണ്ടാവും.

7.ക്രോപ്പ് റ്റൂള്‍ ഉപയോഗിച്ച് ക്രോപ്പ് ചെയ്യുമ്പോള്‍ ഇമേജ് ബോര്‍ഡറുകളില്‍ സ്നാപ്പ് ചെയ്യുന്നതായി തോന്നും.(തട്ടി നില്‍ക്കുന്നത് പോലെ). ഇതൊഴിവാക്കാന്‍ ക്രോപ്പ് ഹാന്‍ഡില്‍‌സ് ഡ്രാഗ് ചെയ്യുമ്പോള്‍ Ctrl കീ അമര്‍ത്തിപ്പിടിച്ചാല്‍ മതി.

8.ചരിഞ്ഞോ വളഞ്ഞോ ഇരിക്കുന്ന ഒരു ഇമേജ്  ഒരു പരിധി വരെ നേരെയാക്കാന്‍ :
മെഷര്‍ റ്റൂള്‍ എടുത്ത് ചരിവിന് അനുസൃതമായി (വെര്‍ട്ടിക്കലായോ ഹോരിസോന്‍‌ഡലായോ) ഒരു വര വരയ്ക്കുക. ഉദാഹരണത്തിന് ഇമേജിന്റെ വശങ്ങളിലേക്കൊ, ഒരു വാതിലിന്റെ ഫ്രെയിമുകളിലേക്കോ അല്ലെങ്കില്‍ ഒരു ചിത്രത്തിലെ ഒരാളിന്റെ കണ്ണുകള്‍ തമ്മിലോ മെഷര്‍ റ്റൂള്‍ കൊണ്ട് വര വരയ്ക്കുക) എന്നിട്ട് Image>Rotate Canvas>Arbitary…എന്നിട്ട് അങ്ങനെതന്നെ OK പറയുക.
ക്രോപ്പ് റ്റൂള്‍ ഉപയോഗിച്ചും ചരിവു നേരെയാക്കാം. ക്രോപ്പ് റ്റൂള്‍ [C] എടുത്ത് ചതുരത്തില്‍ ഡ്രാഗ് ചെയ്യുക. ഇമേജിന്റെ ചരിവിനനുസരിച്ച് ക്രോപ്പ് മാര്‍ക്യൂ റൊട്ടേറ്റ് റൊട്ടേറ്റ് ചെയ്യുക. (റൊട്ടേറ്റ് ചെയ്യുന്നതിനായി മൌസ് പോയിന്റര്‍ ക്രോപ്പ് മാര്‍ക്യൂവിനു പുറത്തേക്ക് കൊണ്ടുവന്നാല്‍ മതി). ചരിവു ശരിയായിതോന്നുമ്പോള്‍ എന്റര്‍ പ്രെസ്സ് ചെയ്യുക. ദാ ചരിഞ്ഞവന്‍ നിവര്‍ന്നു.

9.ക്രോപ്പ് ചെയ്യുമ്പോള്‍ ക്രോപ്പ് ബൌണ്ടറിയുടെ പുറത്തുള്ള പിക്സലുകള്‍ നഷ്‌ടപ്പെടും. ഇതൊഴിവാക്കാന്‍ കാന്‍‌വാസ് സൈസ് കമാന്‍ഡ് ഉപയോഗിക്കാം.
(Image > Canvas Size).  എന്നിട്ട് കാന്‍‌വാസ് സൈസ് ചെറുതാക്കുക. പുറത്തുള്ള ചില ഭാഗങ്ങള്‍ നഷ്‌ടപ്പെടുമെന്ന് ഫോട്ടോഷോപ്പ് നമ്മെ ഭീഷണിപ്പെടുത്തുമെങ്കിലും ഒന്നും സംഭവിക്കില്ല. ഇമേജുകള്‍ സുരക്ഷിതമായിരിക്കും.

10.കോപ്പി പേസ്റ്റും കട്ട് പേസ്റ്റും ഒറ്റയടിക്ക് ചെയ്യാന്‍: Layer Via Copy [Ctrl+J]
(Layer > New >Layer Via Copy) അല്ലെങ്കില്‍ Layer Via Cut [Ctrl+Shift+J] (Layer > New > Layer Via Cut).

(കമാന്‍‌ഡ്  ടിപ്‌സ് തുടരും)

Advertisements

ഫെബ്രുവരി 9, 2007

അധ്യായം 4. ഗ്രാഫിക് ഡിസൈന്‍ ബേസിക്സ്

Filed under: Blogroll — ::സിയ↔Ziya @ 6:20 pm

ഇനി ഏതാനും അദ്ധ്യായങ്ങളില്‍ ഗ്രാഫിക് ഡിസൈനിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. വൈവിധ്യമാ‍ര്‍ന്ന നിരവധി പ്രോജക്റ്റുകളുടെ ആവിഷ്‌കാരം ഗ്രാഫിക് ഡിസൈനിന്റെ പരിധിയില്‍ വരുമെങ്കിലും ഡെസ്ക് ടോപ്പ് പബ്ലിഷിംഗ് വഴി ലോഗോ, പരസ്യങ്ങള്‍, ബ്രോഷറുകള്‍, ബിസിനെസ്സ് കാര്‍ഡ്, ന്യൂസ് ലെറ്റര്‍, പോസ്റ്ററുകള്‍, മാഗസിന്‍, പുസ്തകങ്ങള്‍ മുതലായവ നിര്‍മ്മിക്കുന്നതില്‍ ഡിസൈന്‍ എലമെന്റുകളും ഡിസൈന്‍ പ്രമാണങ്ങളും പ്രയോഗിക്കുന്നതിനെപ്പറ്റിയാണ് നാം ഈ പാഠങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത്.

പൊതുവേ നാം ആവിഷ്‌കരിക്കുന്ന ഏതൊരു ഡിസൈനിനും ഡിസൈന്‍ പ്രമാണങ്ങള്‍ ബാധകമായിരിക്കും. നാം എങ്ങനെയാണോ ഈ ഡിസൈന്‍ പ്രമാണങ്ങള്‍ പ്രയോഗിക്കുന്നത് അതിനനുസരിച്ചായിരിക്കും നമ്മുടെ ഡിസൈന്‍ ആകര്‍ഷണീയമാവുന്നതും ആ ഡിസൈന്‍ കൊണ്ട് നാം ഉദ്ദേശിക്കുന്ന ആശയം മറ്റുള്ളവരിലേക്ക് എത്തപ്പെടുന്നതും. എന്നാല്‍ ഓരോ പ്രമാണവും പ്രയോഗിക്കാന്‍ ശരിയായ വഴി ഒന്നുമാത്രമേ ഉള്ളൂ എന്നില്ല. അടിസ്ഥാന സിദ്ധാന്തങ്ങളിലൂന്നിക്കൊണ്ട് വിവിധങ്ങളായ പരിഷ്‌കാരങ്ങള്‍ വരുത്തുവാനുള്ള സ്വാതന്ത്ര്യം ഡിസൈനറുടെ സര്‍ഗ്ഗാത്മകതെയെ ആശ്രയിച്ചിരിക്കുന്നു.

എല്ലാ ഡിസൈനുകളിലും ആ ഡിസൈന്‍ കൊണ്ടുദ്ദേശിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി അതില്‍ ഉപയോഗിച്ചിട്ടുള്ള വാചകങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പുറമേ ഡിസൈന്‍ എലമെന്റ്സ് അഥവാ ഡിസൈന്‍ ബ്ലോക്കുകള്‍ കൂടി ഉണ്ടാവും. ഒരു ഡിസൈനിന്റെ ഘടനയേയും മൊത്തത്തിലുള്ള പാരായണക്ഷമതയേയും നമ്മുടെ ഡിസൈന്‍ എത്രനന്നായി നമ്മുടെ ആശയത്തെ വിനിമയം ചെയ്യുന്നു എന്നതിനേയും നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം ഈ ബില്‍ഡിംഗ് ബ്ലോക്കുകള്‍ അഥവാ എലമെന്റുകള്‍ നാം എങ്ങനെ ഡിസൈനില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നു എന്നതാണ്. ഡിസൈനിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ അഥവാ പ്രിന്‍സിപ്പിള്‍സ് ഓഫ് ഡിസൈന്‍ ഡിസൈന്‍ എലമെന്റുകളുടെ പരിപാലനത്തെ നിയന്ത്രിക്കുന്നു.

ഈ അധ്യായത്തില്‍ ഡിസൈന്‍ എലമെന്റുകള്‍, ഡിസൈന്‍ അടിസ്ഥാന പ്രമാണങ്ങള്‍ എന്നിവയെക്കുറിച്ച് ഒരാമുഖം മാത്രം പറയുന്നു. തുടര്‍ന്നുള്ള പാഠങ്ങളില്‍ ചിത്രങ്ങളുടെയും മറ്റുദാഹരങ്ങളുടെയും സഹായത്താല്‍ ഓരോന്നും വിശദമാ‍യി പ്രതിപാദിക്കുന്നതാണ്.

ഡിസൈന്‍ എലമെന്റുകള്‍ ഒരാമുഖം. (Design Elements)

ഡിസൈന്‍ എലമെന്റുകളെക്കുറിച്ച് വളരെ ലഘുവായി ഒന്നു സൂചിപ്പിക്കാം. വിശദമായി പിന്നീട് മനസ്സിലാക്കാവുന്നതാണ്.

പ്രധാനമായും അഞ്ച് എലമെന്റുകളാണുള്ളത്.
1)ലൈന്‍സ് അഥവാ വരകള്‍ (Lines) :- വരകളെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. നേര്‍വര, വള്‍ല്‍ഞ്ഞ വര, മുറിഞ്ഞ വര, കനം കൂടിയത്, കനം കൂടിയത്, കനം കുറഞ്ഞത്, അസ്ത്രാഗ്രം (Arrow Head) തുടങ്ങി പലതരം തരം തലപ്പുകളുള്ള വര, ഉള്ളു പൊള്ളയായ വര അങ്ങനെ നിരവധി വരകള്‍.
2)ഷേപ്‌സ് അഥവാ രൂപങ്ങള്‍ (Shapes) :- സമചതുരവും ദീര്‍ഘചതുരവും, വൃത്തം, ത്രികോണം ഇവയാണ് മൂന്ന് അടിസ്ഥാന ഷേപ്പുകള്‍.
3)മാസ്സ് അഥവാ പിണ്ഡം (Mass) :- അക്ഷരങ്ങളുടെയും ഗ്രാഫിക്കുകളുടെയും കടലാസ്സിന്റെയും വലിപ്പം, അളവ്, ഘനം ഇതെല്ലാം മാസ്സില്‍പ്പെടും.
4)റ്റെക്സ്ചര്‍ അഥവാ പ്രതല രൂപം. (മലയാളത്തിലുള്ള നല്ല ഒറ്റവാ‍ക്കറിയാവുന്നവര്‍ സഹായിക്കുക) (Texture) :- പ്രിന്റുചെയ്യുന്നതിനുള്ള പേപ്പറില്‍ കാണപ്പെടുന്ന റ്റെക്സ്ച്ചറുകള്‍ അല്ലാതെ ഗ്രാഫിക്സ് ടെക്‍നിക്കുകള്‍ ഉപയൊഗിച്ച് റ്റെക്സ്ച്ചറുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഈ വിഭാഗത്തില്‍ പ്രതിപാദിക്കുന്നു.
5)കളര്‍ അഥവാ നിറം (Colour) :- ചുവപ്പു നിറത്തിന്റെ അര്‍ത്ഥമെന്താണ്? ഏതൊക്കെ നിറങ്ങളാണ് തമ്മില്‍ച്ചേരുക? കളര്‍ സിംബോളിസവും കളര്‍ അസോസിയേഷനും Colour Meanings എന്ന പാഠത്തില്‍ പിന്നാലെ നമുക്ക് പഠിക്കാം.
മേല്‍പ്പറഞ്ഞ ഡിസൈന്‍ എലമെന്റുകള്‍ക്കൊപ്പം ബേസിക് ബിള്‍ഡിംഗ് ബ്ലോക്കുകളുടെ ഗണത്തില്‍പ്പെടുത്തി മറ്റു ചില എലമെന്റുകളും ഉപയോഗിക്കാറുണ്ട്.

ഡിസൈന്‍ അടിസ്ഥാന പ്രമാണങ്ങള്‍ (The Principles of Design)

വ്യത്യസ്ഥ ഡിസൈന്‍ അധ്യാപകര്‍ക്കും ഡിസൈനേഴ്‌സിനും ഡിസൈന്‍ ഡിസൈന്‍ പ്രമാണങ്ങളെക്കുറിച്ച് അവരുടേതായ കാഴ്ച്ചപ്പാടുകളുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടതും സാധാരണവുമായ ഡിസൈന്‍ പ്രമാണങ്ങള്‍ ആറെണ്ണമാണ്.
1)ബാലന്‍സ് (Balance) -തുലനം.
2)പ്രോക്സിമിറ്റി / യൂനിറ്റി (Proximity / Unity) – സാമീപ്യവും ഐക്യവും
3)അലൈന്മെന്റ് (Alignment) – സ്ഥാന നിര്‍ണ്ണയം
4)റെപറ്റീഷന്‍ / കണ്‍സിസ്റ്റന്‍സി (Repetition / Consistency) – ആവര്‍ത്തനം / സ്ഥിരത
5)കോണ്‍‌ട്രാസ്റ്റ് (Contrast) – വ്യതിരിക്തത
6)വൈറ്റ് സ്പേയ്‌സ് (white Space)- ശൂന്യസ്ഥലം.

ബാലന്‍സ് (Balance) -തുലനം.

ഒരുകയ്യില്‍ അഞ്ചു കിലോ പാറക്കഷണങ്ങളുടെ ഒരു സഞ്ചിയും മറുകയ്യില്‍ പത്തു കിലോ മാര്‍ബിള്‍ കഷണങ്ങളുടെ ഒരു സഞ്ചിയുമായി നിങ്ങള്‍ കുറേ ദൂരം നടക്കുകയാണെന്നിരിക്കട്ടെ. കുറേ ചെല്ലുമ്പൊഴേക്കും ഒരു കൈ വല്ലാതെ കഴയ്ക്കും. നടക്കാനിമ്മിണി പ്രയാസം. നിങ്ങളെന്നാ ചെയ്യും? രണ്ടു സഞ്ചിയും താഴെവെച്ചിട്ട് കുറേ മാര്‍ബിള്‍‍ കഷണങ്ങളെടുത്ത് പാറക്കഷണങ്ങളുടെ സഞ്ചിയിലേക്കിടും. വെയിറ്റ് ഏകദേശം തുല്യമാക്കുന്നതിനായി. അങ്ങനെയായാല്‍ നടപ്പ് അല്‍പ്പം കൂടി എളുപ്പമാകും.
ഇതേ ധര്‍മ്മം തന്നെയാണ് ഡിസൈനില്‍ ബാലന്‍സ് ചെയ്യുന്നത്. ഡിസൈനിന്റെ ഏതെങ്കിലുമൊരു ഭാഗം മറ്റു ഭാഗത്തേക്കാള്‍ ഒത്തിരി ഘനമുള്ളതോ അഥവാ വലിപ്പമുള്ളതോ വലിപ്പം കുറഞ്ഞതോ ആകാ‍തെ ഡിസൈന്‍ എലമെന്റുകള്‍ അറേഞ്ച് ചെയ്ത് വിഷ്വല്‍ ബാലന്‍സ് കൈവരുത്തുന്ന പ്രമാണങ്ങളാണ് ബാലന്‍സില്‍ ഉള്ളത്.

പ്രോക്സിമിറ്റി / യൂനിറ്റി (Proximity / Unity) – സാമീപ്യവും ഐക്യവും

ഒരു ഹാളിലിരിക്കുന്ന ഒരു കൂട്ടം ആളുകളെ വീക്ഷിക്കുക. ആര് ആരെയൊക്കെയാണ് ശ്രദ്ധിക്കുന്നതെന്നും ആര് ആരെയൊക്കെയാണ് ഗൌനിക്കാതിരിക്കുന്നതെന്നും മന്‍സ്സിലാക്കാന്‍ ആരൊക്കെ അടുത്തടുത്തിരിക്കുന്നത് എന്നു നോക്കിയാല്‍ മതിയല്ലോ. അപ്പോള്‍ അകന്നു നില്‍ക്കുന്നവര്‍ അപരിചിതരായിരിക്കുമെന്നും മറ്റും നമുക്ക് മനസ്സിലാകും.
ഡിസൈനില്‍ പ്രോക്സിമിറ്റി അഥവാ സാമീപ്യം അതിലെ എലമെന്റുകള്‍ തമ്മിലുള്ള സാമീപ്യത്തെ- അടുപ്പമോ അകല്‍ച്ചയോ- നിര്‍ണ്ണയിക്കുന്നു. ഇതിലൂടെ ഡിസൈനിന്റെ ഭാഗങ്ങള്‍ വ്യത്യസ്ഥമാക്കുകയോ സാദൃശ്യമുള്ളതാക്കുകയോ ചെയ്യാം. അകല‍മുള്ള ഭാഗങ്ങളെ യോജിപ്പിക്കുന്നതിനായി മൂന്നാമതൊരു എലമെന്റു കൂടി ചേര്‍ത്തും നമുക്ക് ഡിസൈനിനൊരു യൂനിറ്റി അഥവാ കൈവരുത്താനുമാകും.

അലൈന്മെന്റ് (Alignment) – സ്ഥാന നിര്‍ണ്ണയം

നഗരത്തിലെ തിരക്കേറിയ പാര്‍ക്കിംഗ് സ്ഥലത്ത് വാഹനം പാര്‍ക്കു ചെയ്യാന്‍ ശ്രമിക്കുകയാണ് നിങ്ങള്‍. നോക്കുമ്പോള്‍ യാതൊരു ലക്കും ലഗാനുമില്ലാതെ ധാരാളം വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യപ്പെട്ടിരിക്കുന്നു. വശങ്ങളും സ്ഥലവുമൊന്നും നോക്കാതെ അവിടെയിമിവിടെയുമായി വാഹനങ്ങള്‍ കുത്തിനിറച്ചിട്ടിരിക്കുന്ന അവിടെ നിന്നും നിങ്ങള്‍ ജീവനും കൊണ്ടോടുന്നതൊന്നു ആലോചിച്ചു നോക്കൂ…

കുഴപ്പം പിടിച്ച ഈ അവസ്ഥ അലൈന്മെന്റിലൂടെ പരിഹരിക്കാം. പാര്‍ക്കിംഗിന്റെ കാ‍ര്യത്തിലാണെങ്കില്‍ പാര്‍ക്കിംഗിനായി പ്രത്യേക സ്ഥലം നിര്‍ണ്ണയിച്ച് പാര്‍ക്കിംഗ് വരകളും മറ്റുമിട്ടാല്‍ മതി. ഡിസൈനിലാണെങ്കിലോ? എങ്ങനെയാണ് നാം റ്റെക്സ്റ്റുകളും ഗ്രാഫിക്കുകളും അലൈന്‍ ചെയ്യുക? നമ്മുടെ ലേഔട്ട് വായിക്കാന്‍ സുഖമുള്ളതും കാണുന്നവരില്‍ ആശ്ചര്യം ജനിപ്പിക്കുന്ന രീതിയിലുമാനോ അതോ വായന പ്രയാസമാക്കുന്നതും ചിരപരിചിതമായ ഡിസൈനെന്നു മറ്റുള്ളവര്‍ക്ക തോന്നുന്ന രീതിയിലുമാണോ. അലൈന്മെന്റ് വളരെ പ്രധാനപ്പെട്ടതാണ്. നമുക്ക് വിശദമായി വഴിയേ പഠിക്കാം.

റെപറ്റീഷന്‍ / കണ്‍സിസ്റ്റന്‍സി (Repetition / Consistency) – ആവര്‍ത്തനം / സ്ഥിരത

തിരുവനന്തപുരത്തു നിന്നും കാസര്‍ഗോട്ടേക്ക് ഹൈവേയിലൂടെ യാത്ര ചെയ്യുകയാണ് നിങ്ങള്‍. ജില്ല മാറുന്നതിനനുസരിച്ച് ട്രാഫിക് സൈനുകളുടെ നിറവും രൂപവും മാറിയാലോ? സ്റ്റോപ് സൈനിന് തിരുവനന്തപുരത്തു ചുവപ്പു നിറം, വൃത്താകൃതി. കൊല്ലത്തി പച്ച നിറം, ചതുരത്തില്‍. ആലപ്പുഴയില്‍ മഞ്ഞ നിറം, സിലിണ്ടര്‍ രൂപത്തില്‍…! നല്ല രസമായിരിക്കുമല്ലേ? ഇടി എവിടെച്ചെന്നു നില്‍ക്കും. ട്രാഫിക് ജാമുകള്‍ എപ്പോള്‍ത്തീരും…ഈയവസ്ഥ ഒഴിവാക്കാനല്ലേ ഇന്ത്യയിലെവിടെയും ട്രാഫിക് സൈനുകള്‍ക്ക് ഒരേ നിറം, ഒരേ ആകൃതി.

ഡിസൈനില്‍ ആവര്‍ത്തിക്കപ്പെടുന്ന ഡിസൈന്‍ എലമെന്റുകളും ഡോകുമെന്റിനുള്ളിലെ സ്ഥിരതയുള്ള റ്റെക്സ്റ്റ്, ഗ്രാഫിക് സ്റ്റൈലുകളും വായനക്കാരനെ ഡിസൈനിലൂടെ ‘സുരക്ഷിതമായി’ കറങ്ങിത്തിരിയാന്‍ സഹായിക്കും. ഒരു കമ്പനിയുടെ വിവിധ ഡിസൈനുകളില്‍ ഒരേ എലമെന്റുകളും സ്റ്റൈലുമാണെങ്കില്‍ ആ കമ്പനിയുടെ ഏതു ഡിസൈന്‍ കണ്ടാലും ജനം പെട്ടെന്നു തിരിച്ചറിയും.

കോണ്‍‌ട്രാസ്റ്റ് (Contrast) – വ്യതിരിക്തത

നിങ്ങളുടെ നാ‍ട്ടില്‍ ഒരു ബാസ്‌കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്. മിക്ക റ്റീമുകളിലും ശരാശരി ഉയരക്കാര്‍. എന്നാല്‍ നിങ്ങളുടെ ക്ലബ്ബ് ആറരയടി പൊക്കമുള്ള മൂന്നാലെണ്ണത്തിനെ എങ്ങാണ്ടൂന്നോ വാടകക്കെടുക്കുന്നു. നിങ്ങളുടെ ടീം കളത്തിലിറങ്ങിയാല്‍ കാണികള്‍ ആരെ ശ്രദ്ധിക്കും?
ഇതു തന്നെയാണ് കോണ്‍‌ട്രാസ്റ്റ്. വലുതും ചെറുതുമായ എലമെന്റ്സ്, കറുപ്പും വെളുപ്പും ടെക്സ്റ്റുകള്‍, ചതുരങ്ങളും വൃത്തങ്ങളും ഇവക്കെല്ലാം ഡിസൈനില്‍ കോണ്‍‌ട്രാസ്റ്റ് സൃഷ്‌ടിക്കുവാന്‍ കഴിയും.

വൈറ്റ് സ്പേയ്‌സ് (white Space)- ശൂന്യസ്ഥലം.
നമ്മുടെ നാട്ടിലെ നാലര മണി നേരത്തെ ഒരു പ്രൈവറ്റ് ബസ്സിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കുന്നു. ഓഫീസ് ജീവനക്കാര്‍, അധ്യാപകര്‍, സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍…എല്ലാരേം കുത്തിനിരച്ചൊരു കൊച്ചു ബസ്സ്. ഒരുത്തന്‍ ഫുട്ബോഡില്‍ തൂങ്ങി അകത്തേക്കു തള്ളിക്കയറാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരുത്തന്‍ ശ്വാ‍സം മുട്ടി അകത്തു നിന്നും പുറത്തേക്കു ചാടാന്‍ ശ്രമിക്കുന്നു. എത്ര നേരം നമ്മളതില്‍ യാത്ര ചെയ്യും?

കൂടുതല്‍ ടെക്സ്റ്റുകളും ഗ്രാഫിക്കുകളും കുത്തിനിറച്ചൊരു ഡിസൈന്‍ അതുപോലെ തന്നെ ശ്വാസം മുട്ടിക്കും. വായനയൊന്നും സാധ്യമല്ല തന്നെ. വൈറ്റ് സ്പേയ്‌സ് ഡിസൈനിലെ ‘ബ്രീത്തിംഗ് റൂമാ‘ണ്. വൈറ്റ്‌സ്പേയ്‌സ് കൈവരുത്താനുള്ള പാഠങ്ങളും പിന്നാലെ വരുന്നുണ്ട്.

പ്രിയരേ, ഇതൊരാമുഖം മാത്രമാണ്. കൂടുതല്‍ തുടര്‍ന്നുള്ള പാഠങ്ങളില്‍ പ്രതീക്ഷിക്കാം.

സ്നേഹത്തോടെ
സിയ.

Blog at WordPress.com.